അഭിമാനമുയർത്തിയ 'ഹോപ്' ദൗത്യത്തിന് രണ്ടു വർഷം
text_fieldsദുബൈ: ആകാശലോകത്തിന്‍റെ അത്ഭുതങ്ങൾ തേടി യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പേടകം 'ഹോപ് പ്രോബ്' പറന്നുയർന്നിട്ട് രണ്ടു വർഷം.2020 ജൂലൈ 20ന് തിങ്കളാഴ്ച പുലർച്ചെ യു.എ.ഇ സമയം 1.58ന് ജപ്പാനിലെ തനെഗാഷിമ ഐലൻഡിൽനിന്നാണ് 'ഹോപ്പി'നെയും വഹിച്ച് മിത്സുബിഷിയുടെ റോക്കറ്റ് ചൊവ്വയെ ലക്ഷ്യമിട്ട് യാത്ര തുടങ്ങിയത്.
ലോകം ഒന്നടങ്കം കണ്ണടക്കാതെ കാത്തിരുന്ന അറബ് ലോകത്തിന്റെ ആദ്യ ചൊവ്വ ദൗത്യത്തിന് ചരിത്രത്തിൽ ആദ്യമായി അറബിയിലായിരുന്നു കൗണ്ട്ഡൗൺ.
ഏഴു മാസം നീളുന്ന 493 ദശലക്ഷം കിലോമീറ്റർ യാത്രക്കൊടുക്കിൽ യു.എ.ഇയുടെ സുവർണ ജൂബിലി വർഷമായ 2021 ഫെബ്രുവരി ഒമ്പതിന് ഹോപ് ചൊവ്വയിൽ എത്തി.യാത്ര തുടങ്ങി കൃത്യം ഒരു മണിക്കൂറായപ്പോൾ ലോഞ്ച് വാഹനത്തിൽനിന്ന് ഹോപ് വിഘടിച്ച് സ്വതന്ത്രമായി.
735 ദശലക്ഷം ദിർഹം ചെലവുവന്ന ചൊവ്വദൗത്യം ആറു വർഷത്തെ പ്രയത്നത്തിന്റെ ഫലമായിരുന്നു. യു.എ.ഇയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിൽ ഇമാറാത്തി എൻജിനീയർമാരുടെ നേതൃത്വത്തിലാണ് പേടകം നിർമിച്ചത്.'ഹോപ്പ്രോബ്' കണ്ടെത്തിയ വിവരങ്ങളുടെ നാലാമത് ശേഖരം ശാസ്ത്ര ലോകത്തിന് ലഭ്യമായത് ഈയടുത്താണ്.
ദൗത്യത്തിന് അനന്തമായ സാധ്യതകളുണ്ടെന്നും പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം ദൗത്യത്തിലൂടെ നേടാനായെന്നും ബഹിരാകാശകേന്ദ്രം അധികൃതർ വ്യക്തമാക്കിയിരുന്നു. ചൊവ്വയുടെ രാത്രിവശത്തെ അന്തരീക്ഷത്തിലെ വ്യതിരിക്തമായ അറോറയുടെ അപൂർവ ചിത്രങ്ങളും കഴിഞ്ഞ വർഷം ജൂണിൽ പുറത്തുവിട്ട ഡേറ്റയിൽ ഉൾപ്പെട്ടിരുന്നു.
ഏറ്റവും പുതിയ കണ്ടെത്തലുകൾ ചൊവ്വ ഗവേഷണത്തെ ഏറെ മുന്നോട്ടുനയിക്കാനുള്ള പേടകത്തിന്‍റെ കഴിവ് വളിച്ചോതുന്നതാണെന്ന് യു.എ.ഇയുടെ ചൊവ്വദൗത്യ സംഘത്തലവൻ ഉംറാൻ ശറഫ് ഈയടുത്ത് വ്യക്തമാക്കിയിരുന്നു.
ചൊവ്വ ഗ്രഹത്തിന്‍റെ ചലനാത്മക കാലാവസ്ഥ സംവിധാനവും അന്തരീക്ഷ അവസ്ഥയും പഠിക്കുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച 'ഹോപ്പ്രോബ്' പേടകത്തിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ നിലവിൽ മൂന്നു മാസം കൂടുമ്പോഴാണ് പുറത്തുവിടുന്നത്.ലോകത്തിന് മുന്നിൽ യു.എ.ഇയുടെ അഭിമാനമുയർത്തുക മാത്രമല്ല, കൂടുതൽ ദൗത്യങ്ങൾക്ക് പ്രചോദനമാവുകകൂടി ചെയ്തു ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

