ദുബൈയിൽ രണ്ട് മോഷ്ടാക്കൾ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsദുബൈ എയർപോർട്ടിവെച്ച് പിടിയിലായ മോഷ്ടാക്കൾ
ദുബൈ: സൂപ്പർമാർക്കറ്റിൽ നിന്ന് മോഷ്ടിച്ച 6.6 ലക്ഷം ദിർഹവുമായി രാജ്യം വിടാൻ ശ്രമിച്ച രണ്ട് മോഷ്ടാക്കളെ ദുബൈ വിമാനത്താവളത്തിൽവെച്ച് പൊലീസ് പിടികൂടി.
ബർദുബൈയിലുള്ള സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം അർധ രാത്രിയായിരുന്നു കവർച്ച. സ്ഥാപനത്തിന്‍റെ പിൻഭാഗത്തെ വഴിയിലൂടെ എത്തിയ മോഷ്ടാക്കൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വാതിൽ തകർത്ത് അകത്തു കടക്കുകയായിരുന്നു. പണം സൂക്ഷിച്ചിരുന്ന നാല് ബോക്സുകൾ പൊളിച്ച് 60,000 ദിർഹമും ശേഷം പ്രധാന സേഫ് ലോക്കർ തകർത്ത് ആറു ലക്ഷം ദിർഹമും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ സൂപ്പർമാർക്കറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. ഇവർ ഉടൻ ബർദുബൈ പൊലീസ് സ്റ്റേഷനിൽ റിപോർട്ട് ചെയ്തു. തുടർന്ന് ഫോറൻസിക് വിദഗ്ധർ, സി.ഐ.ഡി ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തുകയും തെളിവെടുപ്പ് ആരംഭിക്കുകയുമായിരുന്നു.
ആളെ തിരിച്ചറിയാതിരിക്കാൻ മോഷ്ടാക്കൾ മുഖം മൂടി ധരിച്ചിരുന്നു. എങ്കിലും നിർമിത ബുദ്ധി (എ.ഐ) സംവിധാനങ്ങൾ ഉപയോഗിച്ചും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിലയിരുത്തിയും പൊലീസ് അതിവേഗം മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. തുടരന്വേഷണത്തിൽ ഇരുവരും മോഷണ മുതലുമായി ദുബൈ എയർപോർട്ട് വഴി രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണെന്ന് വ്യക്തമായി. ഉടനെ ദുബൈ എയർപോർട്ട് സെക്യൂരിറ്റി ഡിപാർട്ട്മെന്റിന്റെ സഹായത്തോടെ രണ്ട് പ്രതികളെയും എയർപോർട്ടിൽ വെച്ച് ബർദുബൈ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
മോഷ്ടിച്ച മുഴുവൻ തുകയും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുകുകയും ചെയ്തു. കേസിൽ തുടർ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. പ്രതികളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോഷണ വിവരം റിപോർട്ട് ചെയ്ത് രണ്ട് മണിക്കൂറിനകം പ്രതികളെ പിടികൂടാനും മോഷണമുതൽ പൂർണമായും വീണ്ടെുക്കാനും സാധിച്ചതിൽ ദുബൈ പൊലീസ് സൂപ്പർമാർക്കറ്റ് ഉടമ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

