മയക്കുമരുന്ന് കൈവശംവെച്ച കേസിൽ രണ്ട് പേർക്ക് ജയിൽ ശിക്ഷ
text_fieldsദുബൈ: മയക്കുമരുന്ന് കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ രണ്ട് പേർക്ക് ദുബൈ അപ്പീൽ കോടതി ജയിൽ ശിക്ഷ വിധിച്ചു. ഒന്നാംപ്രതിക്ക് 12 വർഷവും രണ്ടാംപ്രതിക്ക് അഞ്ച് വർഷവുമാണ് ശിക്ഷ. രണ്ട് പേരും ഒരു ലക്ഷം ദിർഹം വീതം പിഴ അടക്കുകയും വേണം. ശിക്ഷ കാലാവധിക്ക് ശേഷം രണ്ട് വർഷത്തേക്ക് ഫണ്ട് കൈമാറ്റം ചെയ്യുന്നതിൽ പ്രതികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അറബ് വംശജരാണ് പ്രതികൾ. അൽ വഹിദ ഭാഗത്ത് ഇടനിലക്കാരൻ കുഴിച്ചിട്ട മയക്കുമരുന്ന് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ദുബൈ പൊലീസ് പിടിയിലാകുന്നത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ രണ്ട് പേർ നിലം കുഴിക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് പരിശോധന നടത്തുകയും രണ്ട് പേരേയും പിടികൂടുകയുമായിരുന്നു.
പ്രതികളിൽ ഒരാൾ മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. പരിശോധനയിൽ ഒരാളുടെ കൈവശം 20 ഗ്രാം ഹാഷിഷും രണ്ടാമത്തെ ആളുടെ കൈയിൽ നിന്ന് ഹാഷിഷ്, കൊക്കൈൻ ഉൾപ്പെടെ 100 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. ഒരു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അതിവേഗം പിടികൂടി. അന്വേഷണ ഭാഗമായി പ്രതികളെ നർകോട്ടിക്സ് കൺട്രോൾ ഡിപാർട്ട്മെന്റിന് കൈമാറി.
ഫോറൻസിക് പരിശോധനയിൽ രണ്ട് പേരും മയക്കുമരുന്ന് ഉപയോഗിച്ചതായി വ്യക്താവുകയും ചെയ്തു. അജ്ഞാനമായ ആളിൽ നിന്ന് വാട്സാപ്പ് വഴിയാണ് പ്രതികളിൽ ഒരാൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് ട്രാൻസ്ഫർ വഴി പണം സ്വീകരിച്ച ശേഷം മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുന്നതാണ് രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

