വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ടുപേർ പിടിയിൽ
text_fieldsദുബൈ: ദുബൈയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരാണ് മദ്യപിക്കുകയും വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തത്.
ഇൻഡിഗോയുടെ 6 ഇ 1088 എന്ന വിമാനത്തിൽ ബുധനാഴ്ചയാണ് സംഭവം. ദുബൈയിൽ ജോലി ചെയ്യുന്ന ഇരുവരും അവധിക്ക് നാട്ടിലേക്കുള്ള മടക്കത്തിലായിരുന്നു. മുംബൈ പൊലീസാണ് ഇരുവരെയും പിടികൂടിയത്. വിമാനത്തിനുള്ളിൽ മദ്യപിക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാർ പലതവണ വിലക്കിയെങ്കിലും അനുസരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിനുള്ളിൽ നടക്കുകയും ബഹളം വെക്കുകയും ചെയ്തപ്പോൾ ജീവനക്കാർ മുന്നറിയിപ്പ് നൽകി.
സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും ജീവനക്കാരോട് തട്ടിക്കയറുകയുമായിരുന്നു. സഹയാത്രികരോട് പ്രതികള്‍ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇൻഡിഗോ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവർക്കും പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.