തൊഴിലാളി മേഖലകളിൽ രണ്ട് പുതിയ മാർക്കറ്റുകൾ തുറക്കും
text_fieldsദുബൈ മുനിസിപ്പാലിറ്റി തൊഴിലാളികൾക്കായി ഒരുക്കിയ മാർക്കറ്റിലെ കടകളിലൊന്ന്
ദുബൈ: തൊഴിലാളികൾക്കായി രണ്ടു മേഖലകളിൽകൂടി പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പഴയ ഒരു മാർക്കറ്റ് പുനരുദ്ധരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലെ മാർക്കറ്റുകൾ കൂടുതൽ മികച്ചതാക്കുന്നതിന് പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്.
അൽ ഖൂസ്-3ൽ 16,000 ചതുരശ്ര അടി വിസ്തീർണത്തിലും മുഹൈസന 2ൽ 9200 ചതുരശ്ര അടി വിസ്തീർണത്തിലുമാണ് മാർക്കറ്റുകൾ നിർമിക്കുക. അതോടൊപ്പം അൽ ഖൂസ് 4ലെ 14,000 ചതുരശ്ര അടി വിസ്തീർണമുള്ള നിലവിലെ മാർക്കറ്റ് നവീകരിക്കും. ഭക്ഷണപദാർഥങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി, മൽസ്യം, വസ്ത്രങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവ മാർക്കറ്റിൽ ലഭ്യമായിരിക്കും. അതോടൊപ്പം ബാർബർമാരെയും ടെയ്ലർമാരെയും ഇവിടെ നിയമിക്കുകയും ചെയ്യും.
തൊഴിലാളികൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്നതായിരിക്കും ഉൽപന്നങ്ങൾ. മാർക്കറ്റിൽ ആരോഗ്യ, ശുചിത്വ, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നത് അധികൃതർ ഉറപ്പുവരുത്തും. തുടർച്ചയായി ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികൾക്ക് വിനോദ അവസരങ്ങളും ഇവിടെ ലഭ്യമായിരിക്കും. അൽ ഖൂസ് 4ലെ മാർക്കറ്റിൽ നിലവിൽ സജ്ജീകരിച്ച സ്നൂക്കർ, കാരംസ് ഗെയിമുകൾ ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ട്. 10 ദിർഹമിലും കുറഞ്ഞ നിരക്കാണിതിന് ഈടാക്കുന്നത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കമ്പനികൾ വിനോദ, കായിക, ആരോഗ്യ, സാമൂഹിക പരിപാടികൾ ഒരുക്കാറുമുണ്ട്. തൊഴിലാളികൾക്ക് സൗജന്യമായി പങ്കെടുക്കാവുന്ന രീതിയിലാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.
കഴിഞ്ഞ വർഷമാണ് ദുബൈ മുനിസിപ്പാലിറ്റിയും പൊലീസും ചേർന്ന് ലേബർ സോണിൽ ലൈസൻസുള്ള ആദ്യത്തെ മാർക്കറ്റ് ആരംഭിച്ചത്. തൊഴിലാളികൾക്കായി പ്രത്യേക ഷോപ്പിങ് ഇടം സ്ഥാപിച്ചതു വഴി നിയമവിരുദ്ധ മാർക്കറ്റുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. വ്യവസായിക മേഖലകളിലെയും തൊഴിലാളി പാർപ്പിട മേഖലകളിലെയും മാർക്കറ്റുകളുടെ പുരോഗതിക്കായി മുനിസിപ്പാലിറ്റി സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യസുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. നസീം റാഫി പറഞ്ഞു. തൊഴിലാളികളോടുള്ള സാമൂഹിക ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

