ദുബൈയിൽ പുതിയ രണ്ട് മേൽപാലങ്ങൾ ജനുവരിയിൽ തുറക്കും
text_fieldsദുബൈ: നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന രണ്ട് മേൽപാലങ്ങൾകൂടി അടുത്ത വർഷം ജനുവരിയിൽ തുറക്കും. ദുബൈ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനത്തിന്റെ ഭാഗമായാണ് പുതിയ മേൽപാലങ്ങൾ നിർമിക്കുന്നത്. പദ്ധതിയുടെ 40 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.
സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ നിന്ന് അൽ മജ്ലിസ് സ്ട്രീറ്റിലേക്കും ശൈഖ് റാശിദ് സ്ട്രീറ്റിലേക്കുമുള്ള ഗതാഗതത്തിന് പുതിയ പാലങ്ങൾ കൂടുതൽ സഹായകരമാവും. പുതിയ റൗണ്ട് എബൗട്ട് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സഅബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവയുമായി ശൈഖ് സായിദ് റോഡിനെ ബന്ധിപ്പിക്കും.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതിയുടെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ശൈഖ് സായിദ് റോഡിനെ ബന്ധിപ്പിക്കുന്ന പാലം 2026 മാർച്ചിൽ തുറന്നുനൽകും. ശൈഖ് റാശിദ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽനിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്ക് നീളുന്ന രണ്ട് പാലങ്ങൾ 2026 ഒക്ടോബറിൽ പൂർത്തിയാകും. ട്രാഫിക് നവീകരിക്കുന്നതിനായി ഉപരിതല ഇന്റർസെക്ഷനായി ദുബൈ വേൾഡ് ട്രേഡ് സെൻട്രൽ റൗണ്ട് എബൗട്ട് മാറ്റുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.
5000 മീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളാണ് ഇവിടെ നിർമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ജങ്ഷന്റെ ശേഷി ഇരട്ടിയാകും. കൂടാതെ ശൈഖ് സായിദ് റോഡിൽനിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്ര സമയം ആറ് മിനിറ്റിൽനിന്ന് ഒരു മിനിറ്റായി കുറയും. ഈ ഭാഗത്ത് ഗതാഗത കാലതാമസം 12 മിനിറ്റിൽനിന്ന് 90 സെക്കൻഡായും കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

