അജ്മാനില്‍ പുതിയ രണ്ട് പാലങ്ങള്‍ തുറന്നു
text_fieldsഅജ്മാനില്‍ പുതുതായി തുറന്ന പാലം
അജ്മാന്: അജ്മാനില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ രണ്ട് പാലങ്ങള്‍ തുറന്നു. 3.2 കി.മീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 800 മീറ്റർ പാലവും ശൈഖ് സായിദ് റോഡിൽ 1,100 മീറ്റർ അൽ ഹമീദിയ പാലവും പുതുതായി തുറന്ന രണ്ട് അണ്ടർ-ബ്രിഡ്ജ് ഇന്റർസെക്ഷനുകളും ഉൾപ്പെടും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സംരംഭങ്ങളുടെ ഭാഗമായി പ്രസിഡൻഷ്യൽ ഇനിഷ്യേറ്റീവ്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ പദ്ധതികള്‍ നടപ്പാക്കിയത്.
എമിറേറ്റിലുടനീളം അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് ശൃംഖല നവീകരിക്കുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വികസന പദ്ധതി നടപ്പാക്കിയത്. ഇതുവഴി മേഖലയിൽ യാത്രാസമയം 60 ശതമാനം വരെ കുറക്കാനും മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഹമീദിയ, അൽ റഖൈബ് എന്നിവയുൾപ്പെടെയുള്ള റെസിഡൻഷ്യൽ ഡിസ്‍ട്രിക്റ്റുകളിലേക്കും നിലവിൽ നിർമാണത്തിലിരിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് ഹോസ്പിറ്റൽ, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ സായിദ് വിദ്യാഭ്യാസ സമുച്ചയം തുടങ്ങിയ പ്രധാന സൗകര്യങ്ങളിലേക്ക് പ്രവേശനം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
അജ്മാന്റെ നഗരവികസനത്തെ സഹായിക്കുന്നതിനായി മെച്ചപ്പെട്ട റോഡ് സുരക്ഷ, സുഗമമായ ഗതാഗതം, കൂടുതൽ മികച്ച അടിസ്ഥാനസൗകര്യങ്ങൾ എന്നിവക്ക് സംഭാവന നൽകുന്നതാണ് പദ്ധതി. ട്രാഫിക് സിഗ്നൽ, ലൈറ്റിങ് സംവിധാനങ്ങൾ, സംയോജിത മഴവെള്ള ഡ്രെയിനേജ് ശൃംഖല എന്നിവയുടെ നിർമാണവും പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

