ഷാർജയിൽ പുതുതായി രണ്ട് അപ്പീൽ കോടതികൾ
text_fieldsബൈത്തുൽ ഇലോവലിൽ നടന്ന ജുഡീഷ്യൽ കൗൺസിൽ മീറ്റിങ്
ഷാർജ: എമിറേറ്റിൽ പുതുതായി രണ്ട് അപ്പീൽ കോടതികൾ കൂടി സ്ഥാപിക്കും. കൽബ, അൽദൈദ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക. ഇതുസംബന്ധിച്ച നിർദേശത്തിന് ഉപഭരണാധികാരിയും ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അംഗീകാരം നൽകി. വ്യാഴാഴ്ച ബൈത്തുൽ ഇലോവലിൽ നടന്ന ജുഡീഷ്യൽ കൗൺസിൽ മീറ്റിങ്ങിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. എമിറേറ്റിലെ ജുഡീഷ്യൽ സംവിധാനവും നിയമവ്യവസ്ഥകളും ശക്തിപ്പെടുത്തുന്നതിൽ കൗൺസിൽ അംഗങ്ങളുടെ പങ്കിനെ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അഭിനന്ദിച്ചു. അവരുടെ ശ്രമങ്ങൾ അവകാശങ്ങൾ സംരക്ഷിക്കുകയും സാമൂഹിക സ്ഥിരതയെ പിന്തുണക്കുകയും ചെയ്യുന്ന നീതിയുക്തവും കാര്യക്ഷമവുമായ ഒരു നീതിന്യായ അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റിലുടനീളം ജുഡീഷ്യൽ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള സംരംഭങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള പൊതുവാർത്താവിനിമയം, ഏകീകൃത മീഡിയ മെസേജിങ് സംവിധാനം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളും കൗൺസിൽ ചർച്ച ചെയ്തു. ജുഡീഷ്യൽ അതോറിറ്റി ലോക്ക് കീഴിലായിരിക്കും പുതിയ അപ്പീൽ കോടതികൾ സ്ഥാപിക്കുക. സെൻട്രൽ കോടതികളുടെ ജോലിഭാരം കുറക്കുക, നിവാസികൾക്ക് സുഗമമായി കോടതികളെ സമീപിക്കാൻ കഴിയുക തുടങ്ങിയവയാണ് പുതിയ കോടതികളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, ജുഡീഷ്യൽ കൗൺസിൽ, നീതിന്യായ വകുപ്പ്, പബ്ലിക് പ്രോസിക്യൂഷൻ എന്നിവക്കായി ഒരു പുതിയ കോർപറേറ്റ് രൂപം നൽകാനും കൗൺസിൽ തീരുമാനിച്ചു. ജസ്റ്റിസ് ഡിപ്പാർട്മെന്റ് ബിൽഡിങ് ഡോമിന്റെ ഇസ്ലാമിക രൂപകൽപനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ ഡിസൈൻ. മൂന്ന് സ്ഥാപനങ്ങൾക്ക് സമൂഹ മാധ്യമ അക്കൗണ്ടുകൾ തുടങ്ങാനും കൗൺസിൽ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

