ഷാർജയിൽ രണ്ട് പള്ളികൾ കൂടി തുറന്നു
text_fieldsഷാർജ: എമിറേറ്റിലെ വിശ്വാസികളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ പരിഗണിച്ച് രണ്ട് പുതിയ പള്ളികൾ കൂടി തുറന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് (ഡി.ഐ.എ). കൽബ സിറ്റിയിലും അൽ മദാം മേഖലയിലുമാണ് പുതിയ പള്ളികൾ നിർമിച്ചത്. രണ്ട് പള്ളികളിലും കൂടി 600 പേർക്ക് പ്രാർഥന നിർവഹിക്കാനുള്ള സൗകര്യമുണ്ട്. ധീര രക്തസാക്ഷി മുഹമ്മദ് അലി സൈനുൽ അൽ ബസ്തകിയുടെ മാതാവിന്റെ പേരിലാണ് കൽബയിലെ പള്ളി നിർമിച്ചിരിക്കുന്നത്. കൽബ സിറ്റിയിലെ അൽ ഖൈൽ 7 മേഖലയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്ക് 2004 ചതുരശ്ര മീറ്ററാണ് വിസ്തൃതി. ഇമാറാത്തി പാരമ്പര്യ രീതികളിൽ പ്രചോദനം ഉൾകൊണ്ടുള്ള വാസ്തു വിദ്യയിലാണ് പള്ളിയുടെ നിർമാണം. 50 സ്ത്രീകൾക്ക് പ്രാർഥന നിർവഹിക്കാൻ കഴിയുന്ന ഹാൾ ഉൾപ്പെടെ 350 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് പള്ളിക്ക്.
സ്വഹാബി ജഈൽ ബിൻ സറാഖ അൽ ദംറിയുടെ പേരിലാണ് അൽ മദാമിലെ അൽ ഫാ കാർഷിക മേഖലയിൽ നിർമിച്ചിരിക്കുന്ന പള്ളി. ഇസ്ലാമിക വാസ്തുവിദ്യ ശൈലയിൽ നിർമിച്ചിരിക്കുന്ന പള്ളിക്ക് 4181 ചതുരശ്ര അടി വിസ്തീർണമുണ്ട്. 250 വിശ്വാസികൾക്ക് ഇവിടെ ഒരേസമയം ആരാധന നിർവഹിക്കാം. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് ഷാർജയിൽ രണ്ട് പള്ളികൾ ഉദ്ഘാടനം ചെയ്തിരുന്നു. എമിറേറ്റിൽ മതപരമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പള്ളികൾ നിർമിക്കുന്നതെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് അറിയിച്ചു.
ഈ പദ്ധതികൾ സമൂഹത്തിലെ അംഗങ്ങൾക്ക് സമാധാനത്തോടും സുഗമമായും ആരാധന നിർവഹിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

