മത്സ്യബന്ധന പ്രേമികൾക്കായി അബൂദബിയിൽ രണ്ട് സ്ഥലങ്ങൾകൂടി
text_fieldsഅബൂദബി: അബൂദബി സമുദ്ര സംരക്ഷണ വിഭാഗവുമായി സഹകരിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റി അബൂദബിയിലെ അൽ ബതീൻ ബീച്ചിലും അറേബ്യൻ ഗൾഫ് പാർക്കിലും വിനോദ മത്സ്യബന്ധന പ്രേമികൾക്കായി രണ്ട് സമർപ്പിത പ്ലാറ്റ്ഫോമുകൾ ഉദ്ഘാടനം ചെയ്തു.സമുദ്ര പ്രവർത്തനങ്ങളെയും പരമ്പരാഗത ഹോബികളെയും പ്രോത്സാഹിപ്പിക്കുന്നതിനും വിനോദ മത്സ്യബന്ധനത്തിന് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം നൽകുന്നതിനും നടപടി ലക്ഷ്യമിടുന്നു.
ഓരോ പ്ലാറ്റ്ഫോമിനും ആകെ 190 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്, മത്സ്യബന്ധനത്തിന് 45 മീറ്റർ വരെ ഫ്രണ്ടേജ് ഉണ്ട്. രണ്ട് പ്ലാറ്റ്ഫോമുകളും രാവിലെ ആറ് മുതൽ അർധരാത്രി 12 വരെ മത്സ്യബന്ധന പ്രേമികൾക്കായി തുറന്നിടും. കൂടാതെ വിപുലമായ സേവനങ്ങളും സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.അബൂദബി സിറ്റി മുനിസിപ്പാലിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ അഹ്മദ് ഫദൽ അൽ മെഹൈർബി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ച വിനോദ സൗകര്യങ്ങൾ നൽകുന്നതിനുള്ള മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.പുതിയ രണ്ട് മത്സ്യബന്ധന പ്ലാറ്റ്ഫോമുകൾ തുറന്നതോടെ അബൂദബിയിലെ വിവിധ പ്രദേശങ്ങളിലെ വിനോദ മത്സ്യബന്ധന സ്ഥലങ്ങളുടെ എണ്ണം 15 ആയി ഉയർന്നതായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അറിയിച്ചു.സിറ്റി ഗാർഡന് മുന്നിൽ ഒന്ന്, ലേക്ക് ഗാർഡന് മുന്നിൽ നാല്, ഫോർമൽ പാർക്കിന് മുന്നിൽ മൂന്ന്, അൽ നൊഷ പാർക്കിന് മുന്നിൽ ഒന്ന്, സറൂഹ് ടവേഴ്സിന് മുന്നിൽ ഒന്ന്, അൽ ബതീൻ ബീച്ചിലെയും അറേബ്യൻ ഗൾഫ് പാർക്കിലെയും രണ്ട് പുതിയ പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെയാണ് വിനോദ മത്സ്യബന്ധന കേന്ദ്രങ്ങൾ വ്യാപിച്ചുകിടക്കുന്നത്. മാലിന്യ കുട്ടകൾ, ഇരിപ്പിടങ്ങൾ, വാട്ടർ കൂളറുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ എല്ലാ സ്ഥലങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം, വിനോദ മത്സ്യബന്ധന മേഖലകളിൽ പാലിക്കേണ്ട ആറ് പൊതു നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. വിനോദ മത്സ്യബന്ധന ലൈസൻസുള്ളവർക്ക് മാത്രമാണ് ലൈനും വടിയും ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ അനുവാദമുള്ളൂ. മത്സ്യബന്ധന വലകൾ പോലുള്ള നിരോധിത ഉപകരണങ്ങളുടെ ഉപയോഗം അനുവദനീയമല്ല. സൈക്കിളുകളോ ഗ്ലാസ് പാത്രങ്ങളോ ഉപയോഗിക്കുന്നത് സൈറ്റ് നിയന്ത്രണങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുന്നു.
നിയുക്ത പ്രദേശങ്ങളിൽ മാത്രമേ പുകവലി അനുവദനീയമാകൂ. പൊതു സ്വത്തിന് കേടുപാടുകൾ വരുത്താതെയും നശിപ്പിക്കാതെയും ഇവിടെ സമയം ചെലവിടണമെന്നും, ഏതെങ്കിലും ലംഘനങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വിനോദ മത്സ്യബന്ധനം നടത്താൻ അബൂദബി പരിസ്ഥിതി ഏജൻസി നൽകുന്ന ലൈസൻസിന് താം പ്ലാറ്റ്ഫോം മുഖേന അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

