ദുബൈയിൽ രണ്ട് മാളുകളിൽ ‘തടസ്സമില്ലാ പാർക്കിങ്’; പാർക്കിങ് ഫീ അടച്ചില്ലെങ്കിൽ 150ദിർഹം പിഴ
text_fieldsദുബൈ: നഗരത്തിലെ പ്രശസ്തമായ രണ്ട് മാളുകളിൽ ‘തടസമില്ലാ പാർക്കിങ്’ സംവിധാനം നടപ്പിലാക്കുന്നു. ദേര സിറ്റി സെന്‍ററിൽ ഇതിനകം ആരംഭിച്ച സംവിധാനം വൈകാതെ മാൾ ഓഫ് എമിറേറ്റ്സിലും തുടങ്ങും. ഇരു മാളുകളിലും തടസമില്ലാതെ വാഹനങ്ങൾക്ക് പുതിയ സംവിധാനത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. പാർക്കിങ് ടിക്കറ്റെടുക്കാൻ നിർത്തേണ്ടതായ ആവശ്യമുണ്ടാകില്ല. ഓരോ വാഹനത്തിന്‍റെയും നമ്പർ പ്ലേറ്റുകൾ ഓട്ടോമാറ്റിക്കായി കാമറകൾ ട്രാക്ക് ചെയ്യുകയും പ്രവേശന സമയവും പുറത്തുപോകുന്ന സമയവും രേഖപ്പെടുത്തുകയും ചെയ്യും. പാർക്കിങ് ചാർജ് ഡ്രൈവർമാർക്ക് പെയ്മെന്റ് ലിങ്ക് സഹിതം എസ്.എം.എസ് വഴി അയക്കുകയും ചെയ്യും.
അതേസമയം മൂന്നു ദിവസത്തിനകം പാർക്കിങ് ഫീ അടച്ചില്ലെങ്കിൽ 150ദിർഹം പിഴ ചുമത്തപ്പെടും. മാളിൽ നിന്ന് പുറത്തിറങ്ങി രണ്ടാം ദിവസം റിമൈൻഡർ എസ്.എം.എസും പിറ്റേന്ന് ഫോൺ വിളിയും ഓർമിക്കാനായി ലഭിക്കും. തുടർന്നും അടച്ചില്ലെങ്കിലാണ് പിഴ ചുമത്തുകയെന്ന് വെബ്സൈറ്റ് വിവരങ്ങൾ വ്യക്തമാക്കുന്നു. അതേസമയം പാർക്കിങ് അനുമതിയില്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ 1000ദിർഹമാണ് പിഴ ചുമത്തപ്പെടുക. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മാജിദ് അൽ ഫുത്തെം ഗ്രൂപ്പ് മൂന്ന് മാളുകളിൽ തടസ്സമില്ലാ പാർക്കിങ് സംവിധാനം പ്രഖ്യാപിച്ചത്. മാൾ ഓഫ് എമിറേറ്റ്സ്, ദേര സിറ്റി സെന്‍റർ എന്നിവക്ക് പുറമെ മിർദിഫ് സിറ്റി സെൻററിലും പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു. ദുബൈയിലെ പൊതു പാർക്കിങ് നിയന്ത്രിക്കുന്ന ‘പാർക്കിൻ’ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം ഈ മാളുകളിലെ പാർക്കിങ് ഫീസിൽ വർധനവുണ്ടായിട്ടില്ലെന്ന് മാജിദ് അൽ ഫുത്തൈം വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

