പ്രതിദിനം നടക്കുന്നത് രണ്ടു ലക്ഷം സൈബർ ആക്രമണങ്ങൾ
text_fieldsദുബൈ: രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും സംവിധാനങ്ങളേയും ലക്ഷ്യമിട്ട് ഓരോ ദിവസവും നടക്കുന്നത് രണ്ടു ലക്ഷം സൈബർ ആക്രമണങ്ങൾ. ഇതിൽ 60 ശതമാനവും ലക്ഷ്യമിടുന്നത് അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളേയാണ്. ഇതിൽ 21 ശതമാനം ആക്രമണങ്ങൾ സംഭവിക്കുന്നത് ദുബൈയിലാണ്. അബൂദബിയിൽ 19 ശതമാനവും ഷാർജയിൽ 18 ശതമാനവും ആക്രമണങ്ങൾ സംഭവിക്കുന്നു.
റാസൽഖൈമ (12 ശതമാനം), ഫുജൈറ (15 ശതമാനം), അജ്മാൻ (ഒമ്പത് ശതമാനം), ഉമ്മുൽ ഖുവൈനിൽ (ആറു ശതമാനം) എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ കണക്ക്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സിൽ യു.എ.ഇ സൈബർ സുരക്ഷ തലവൻ ഡോ. മുഹമ്മദ് അൽ കുവൈതിയാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
34.9 ശതമാനം ആക്രമണങ്ങളും ലക്ഷ്യമിടുന്നത് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളെയാണ്. 21.3 ശതമാനം ആക്രമണങ്ങൾ ലക്ഷ്യമിടുന്നത് ധന ഇടപാട് സ്ഥാപനങ്ങളേയും 14 ശതമാനം ഊർജ ഉൽപാദന സ്ഥാപനങ്ങളെയുമാണ്. ഇൻഷുറൻസ് കമ്പനികൾക്കു നേരെ 11.6 ശതമാനവും ആരോഗ്യപരിരക്ഷ സ്ഥാപനങ്ങൾക്കു നേരെ 6.7 ശതമാനവും ആക്രമണങ്ങളുണ്ടാകുന്നുണ്ട്. ഏറ്റവും കുറവ് ഐ.ടി സ്ഥാപനങ്ങൾക്ക് നേരെയാണ്.
പ്രതിദിനം 4.8 ശതമാനം സൈബർ ആക്രമണമാണ് ഐ.ടി സ്ഥാപനങ്ങൾക്ക് നേരെ സംഭവിക്കുന്നത്. അതേസമയം, എല്ലാ സൈബർ ആക്രമണങ്ങളേയും വിജയകരമായി തകർക്കാൻ യു.എ.ഇക്ക് കഴിഞ്ഞതായും ഡോ. മുഹമ്മദ് അൽ കുവൈതി പറഞ്ഞു. യു.എ.ഇയെ ലക്ഷ്യം വെച്ചുള്ള ശരാശരി ആക്രമണ ദൈർഘ്യം ആഗോള ശരാശരിയേക്കാൾ വളരെ കുറവാണെന്നും ഡേറ്റ കാണിക്കുന്നു. ആഗോള തലത്തിൽ ആക്രമണ ദൈർഘ്യം 60 മിനിറ്റാണ്. യു.എ.ഇയിൽ ഇത് 18.53 മിനിറ്റാണ്. പക്ഷേ, മിഡിൽ ഈസ്റ്റിൽ ഒരു ഡേറ്റ ലംഘനത്തിന്റെ ശരാശരി ചെലവ് 2024ലെ ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

