ദുബൈയുടെ വേഗം: ശൈഖ് മുഹമ്മദിന്റെ രണ്ട് പതിറ്റാണ്ട്
text_fieldsശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈ ഭരണാധികാരിയായിട്ട് ഇരുപത് വർഷം. ഈ കാലയളവിൽ ദുബൈ മാറിയത് കെട്ടിടങ്ങളുടെ ഉയരത്തിൽ മാത്രമല്ല, നഗരങ്ങൾ എങ്ങനെ ചിന്തിക്കണം എന്ന ധാരണയിലുമാണ്. ആഗോള സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക ചർച്ചകളിൽ ദുബൈ സ്വാഭാവിക സാന്നിധ്യമായി മാറിയത് യാദൃശ്ചികമല്ല; തുടർച്ചയായ തീരുമാനങ്ങളുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ്.
പൊടുന്നനെ ഉയർന്നുവന്ന നേതാവല്ല ശൈഖ് മുഹമ്മദ്. 1971 മുതൽ യു.എ.ഇയുടെ പ്രതിരോധ മന്ത്രിയായും, 1995 മുതൽ ദുബൈ കിരീടാവകാശിയായും, 2006 മുതൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹത്തെ ഭരണാധികാരിയായി രൂപപ്പെടുത്തുകയായിരുന്നു. അധികാരപദവികൾ അദ്ദേഹത്തിന് അവസരങ്ങളായിരുന്നില്ല; ഉത്തരവാദിത്തങ്ങളായിരുന്നു.
സ്വപ്നം യാഥാർഥ്യമാക്കിയ ഭരണാധികാരി
1989 ജൂലൈയിൽ ഞാൻ ദുബൈയിലിറങ്ങുമ്പോൾ ഇതൊരു ചെറിയ നഗരമായിരുന്നു. ദുബൈ എമിറേറ്റിന്റെ പിതാവും ഭരണ തന്ത്രജ്ഞനുമായിരുന്ന ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമായിരുന്നു അന്ന് ഭരണാധികാരി. എന്നാൽ, 1990-കളുടെ തുടക്കത്തിൽ തന്നെ ശൈഖ് മുഹമ്മദ് നിർണായക തീരുമാനങ്ങളിലെയും വികസന ആശയങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു.
90-കളുടെ മധ്യത്തിൽ കാണുന്നത് അശ്വവേഗത്തിൽ കുതിക്കുന്ന ദുബൈ നഗരത്തെയാണ്. പിന്നിൽ ശൈഖ് മുഹമ്മദിന്റെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും കാഴ്ചപ്പാടും.
മൂന്നു പതിറ്റാണ്ടിലേറെയായി ഗൾഫിലെ മാധ്യമരംഗത്തുള്ളതുകൊണ്ട് തന്നെ ചരിത്രം കേൾക്കുകയല്ല, തൊട്ടനുഭവിക്കുന്നതുപോലെയാണ്. ഭരണത്തിൽ 20 വർഷം പൂർത്തിയാക്കുമ്പോൾ ദുബൈ നഗരം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വ്യക്തമായ ജീവചരിത്രം. സ്റ്റീൽ, ഗ്ലാസ് കെട്ടിടങ്ങളിലും വൻവ്യവസായങ്ങളിലും മാത്രമല്ല, ആത്മവിശ്വാസത്തിലും കരുത്തിലും കനിവിലും സ്നേഹത്തിലും സൃഷ്ടിപരമായ ചിന്തയിലുമാണ് ദുബൈ പടുത്തുയർത്തിയിരിക്കുന്നത്.
ഓർമയിലെ ദുബൈ
1980കളിലും 1990കളുടെ തുടക്കമായപ്പോഴേക്കും തന്നെ ദുബൈ മധ്യപൂർവദേശത്തെ പേരുകേട്ട നഗരമായി മാറിയിരുന്നു. ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണവും വ്യാപാര–ലോജിസ്റ്റിക്‌സ് കാഴ്ചപ്പാടുകളും ദുബൈക്ക് അടിത്തറയായി. വ്യാപാരം, തുറമുഖങ്ങൾ, വ്യോമഗതാഗതം—ഇവയായിരുന്നു ദുബൈയുടെ ശക്തി. ദുബൈ ക്രീക്ക് നഗരത്തിന്റെ നാഡിയായിരുന്നു.
ശൈഖ് മുഹമ്മദ് അധികാരത്തിലെത്തിയപ്പോൾ ദുബൈയുടെ ദിശ മാറിയില്ല; പക്ഷേ വേഗം കൂടി. ആദ്യം ശക്തമായ ഒരു കപ്പൽ പോലെയായിരുന്നു ദുബൈ എങ്കിൽ പിന്നീടത് ഒരു റോക്കറ്റുപോലെ വേഗമുള്ളതായി.
അസാധ്യമെന്നു തോന്നിച്ച കാര്യങ്ങളെ അദ്ദേഹം യാഥാർഥ്യമാക്കിതുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഉയർന്നു. എമിറേറ്റ്സ് എയർലൈൻസ് ആഗോള വ്യോമയാന ശക്തിയായി വളർന്നു. ബുർജ് ഖലീഫ, പാം ജുമൈറ, വേൾഡ് ഐലൻഡ്സ്, എക്സ്പോ 2020, ഇവയൊക്കെ ദുബൈയുടെ ലക്ഷ്യം കണ്ട പ്രഖ്യാപനങ്ങളായിരുന്നു.
അതോടെ, ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ദുബൈയിലേക്കായി. വെറുമൊരു വഴി കടന്നുപോകുന്ന സ്ഥലമല്ലാതായി ദുബൈ. ഭാവി പടുത്തുയർത്താൻ 200 ലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ പറന്നെത്തിയ നഗരമായി. ദേശ–ഭാഷ–ജാതി ഭേദമന്യേ അവരിൽ മിടുക്കരെയും സ്ഥിരോത്സാഹികളെയും അദ്ദേഹം ആദരിച്ചു. സ്വർണ വിസകളും സാംസ്‌കാരിക വിസകളും പദവികളും നൽകി ചേർത്തുപിടിച്ചു.
കഴിഞ്ഞ 20 വർഷം ദുബൈയുടെ വഴിത്തിരിവ് കാലമാണ്. 2010ൽ ബുർജ് ഖലീഫ ഉയർന്നത് ഒരു കെട്ടിടമായി മാത്രമല്ല, നഗരത്തിന്റെ മുഖമായിട്ടാണ്. 2014 മുതൽ ദുബൈ ഇന്റർനാഷനൽ എയർപോർട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി. 200-ലധികം കേന്ദ്രങ്ങളുമായി അത് ദുബൈയെ ലോകവുമായി ബന്ധിപ്പിച്ചു. ഏറ്റവും വലിയ എയർബസ് A380 ഫ്ലീറ്റും ഇവിടെ നിന്നാണ് പ്രവർത്തിക്കുന്നത്. 2009-ൽ ആരംഭിച്ച ദുബൈ മെട്രോ അറേബ്യൻ ഉപദ്വീപിലെ ആദ്യ നഗര റെയിൽ സംവിധാനമായി. ഡ്രൈവർ ഇല്ലാത്ത, പൂർണ്ണ ഓട്ടോമേറ്റഡ് യാത്ര. പാം ജുമൈറയും വേൾഡ് ഐലൻഡ്സും ദുബൈയുടെ തീരദേശത്തെ തന്നെ മാറ്റി. 2021–22-ൽ നടന്ന എക്സ്പോ 2020 ദുബൈ, ഈ മേഖലയിൽ നടന്ന ആദ്യ വേൾഡ് എക്സ്പോയായിരുന്നു. 24 ദശലക്ഷത്തിലേറെ പേർ അത് കണ്ടു.
അതോടൊപ്പം, ദുബൈ എണ്ണയിൽ നിന്ന് മാറി. ടൂറിസം, ഫിനാൻസ്, മീഡിയ, സാങ്കേതികവിദ്യ, ലജിസ്റ്റിക്സ്—വരുമാനത്തിന്റെ അടിത്തറ വ്യാപിച്ചു. ദുബൈ ഇന്റർനാഷനൽ ഫിനാൻസ് സെന്റർ, മീഡിയ സിറ്റി, ഇന്റർനെറ്റ് സിറ്റി തുടങ്ങിയ കേന്ദ്രങ്ങൾ ലോക കമ്പനികളെ ഇവിടെ എത്തിച്ചു. സ്മാർട്ട് ദുബൈ, സൗരോർജ്ജ പദ്ധതികൾ, കടലാസില്ലാത്ത സർക്കാർ—ഇവ നഗരത്തിന്റെ ദൈനംദിന ജീവിതം തന്നെ മാറ്റി. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ദുബൈ ഹ്യൂമാനിറ്റേറിയൻ സിറ്റി, ശൈഖ് മുഹമ്മദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് എന്നിവ ദുബൈയുടെ മറ്റൊരു മുഖവും തുറന്നു.
മാധ്യമസ്വാതന്ത്ര്യത്തിന്റെ പുതിയ മാതൃക
ശൈഖ് മുഹമ്മദിന്റെ ഭരണകാലത്ത് നിർണായകമായ മാറ്റമാണ് മാധ്യമരംഗത്ത് ഉണ്ടായത്. ഗ്ലോബൽ സൗത്തിലെ ഏറ്റവും സജീവമായ മീഡിയാ കേന്ദ്രങ്ങളിലൊന്നായി ദുബൈ മാറി. പത്രം, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ—എല്ലാം തന്നെ വിവിധ ഭാഷകളിൽ പ്രവർത്തിക്കാൻ പ്രോത്സാഹനം ലഭിച്ചു. അറബിക്, ഇംഗ്ലീഷ്, റഷ്യൻ, മലയാളം, ഹിന്ദി, ഉർദു, തമിഴ്, തഗലോഗ് തുടങ്ങിയ ഭാഷകളിൽ ദുബൈ മീഡിയ സിറ്റിയിൽ നിന്ന് പ്രസിദ്ധീകരണവും പ്രക്ഷേപണവും നടക്കുന്നു. ഇത്രയും വ്യാപകമായി വിദേശ ഭാഷാ മാധ്യമങ്ങൾക്ക് ഇടം നൽകുന്ന നഗരങ്ങൾ ലോകത്ത് അപൂർവമാണ്. ഈ വിശ്വാസവും തുറന്ന സമീപനവും ആഗോള അംഗീകാരം വളർത്തി. മാധ്യമപ്രവർത്തകർക്കായി ദുബൈ വാർത്തയാകുന്ന ഒരു സ്ഥലം മാത്രമല്ല, ലോകത്തെ വിശദീകരിക്കാനുള്ള വേദി കൂടിയായി മാറി.
ആഗോള മനുഷ്യസ്നേഹം
മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിലൂടെ ആഫ്രിക്കയിലും ഏഷ്യയിലും ആശുപത്രികളും സ്കൂളുകളും കിണറുകളും നിർമിച്ചു. കേരളത്തിലെ പ്രളയകാലത്ത് സഹായവസ്തുക്കൾ സൗജന്യമായി എത്തിക്കാനും അനുകൂല നിർദേശങ്ങളും നൽകി. പ്രവാസികളെ പങ്കാളികളായി കാണുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്.
വ്യക്തിപരമായ അനുഭവം
നേരിട്ടുള്ള അനുഭവങ്ങളിലൂടെ കൂടുതൽ മനസ്സിലായ വ്യക്തിയാണ് ശൈഖ് മുഹമ്മദ്. മാധ്യമയോഗങ്ങളിലും പൊതുപരിപാടികളിലും പലതവണ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്. കുറഞ്ഞ സുരക്ഷയോടെ, സാധാരണ ജനങ്ങളുടെയടുത്ത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലും ഗ്ലോബൽ വില്ലേജിലും എക്സിബിഷൻ സെന്ററിലുമെല്ലാം ആളുകളോട് സ്വാഭാവികമായി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.
റമദാനിൽ രണ്ടുമൂന്ന് തവണ അദ്ദേഹത്തിന്റെ സബീൽ കൊട്ടാരത്തിലെ ഇഫ്താറുകളിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിരുന്നു. ഒരിക്കൽ നോമ്പ് തുറന്ന ശേഷമുള്ള സന്ധ്യ പ്രാർഥന (മഗ്‌രിബ് നമസ്കാരം) അദ്ദേഹം തന്നെ മുന്നിൽ നിന്ന് നയിച്ചു. സി.എൻ.എൻ അടക്കമുള്ള പ്രമുഖ മാധ്യമ പ്രവർത്തകരൊക്കെയുണ്ടായിരുന്നു ഇഫ്‌താറിൽ. പ്രാർഥന കഴിഞ്ഞ് തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി—തൊട്ടുപിന്നിൽ നിന്ന് ശൈഖ് മുഹമ്മദ് സുന്നത്ത് നമസ്കരിക്കുന്നു (മുഖ്യ പ്രാർഥനക്കുശേഷം സുന്നത് പ്രാർഥനക്കായി സ്ഥലം മാറി പിന്നിലോട്ട് വന്നതാണ് അദ്ദേഹം). അങ്ങനെ പ്രത്യേകതകളില്ലാതെ, കൂട്ടത്തിൽ ഒരാളായി നിൽക്കുന്ന ഭരണാധികാരി.
അതിനും കുറെ കാലം മുമ്പ്, ഒരു കൂട്ടുകാരനെ കാണാൻ കൊട്ടാരത്തിലെത്തിയപ്പോഴും അദ്ദേഹത്തിൻ്റെ മുമ്പിൽ പെട്ടു. അപരിചിതൻ ആയിട്ടും സലാം പറഞ്ഞു ഒരു പുഞ്ചിരിയും സമ്മാനിച്ചാണ് അദ്ദേഹം കടന്നു പോയത്! അത്തരം പെരുമാറ്റങ്ങളാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിലേറ്റുന്നത്.
ആകാശം തൊടുന്ന കെട്ടിടങ്ങളിലൂടെയോ ആഗോള പദ്ധതികളിലൂടെയോ മാത്രം ശൈഖ് മുഹമ്മദിനെ വായിക്കുന്നത് അപൂർണമാണ്. മരുഭൂമിയെക്കുറിച്ച് കവിത എഴുതുന്ന, മജ്ലിസുകളിൽ സാധാരണക്കാരെയും ബിസിനസ് നേതാക്കളെയും ഒരുപോലെ ശ്രദ്ധയോടെ കേൾക്കുന്ന ഭരണാധികാരി എന്ന നിലയിലാണ് അദ്ദേഹം ദുബൈയുടെ രാഷ്ട്രീയ സംസ്കാരത്തെ വ്യത്യസ്തമാക്കുന്നത്. അത് ഒരു പ്രകടനമല്ല; അറബ് പാരമ്പര്യത്തിന്റെ ആധുനിക രൂപമാണ്.
അതിനാലാകാം, വർഷങ്ങൾ പിന്നിട്ടിട്ടും, ദുബൈയെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് ആകാശത്തോളം ഉയർന്ന കെട്ടിടങ്ങളല്ല. പ്രാർഥന കഴിഞ്ഞ് പിന്നിലോട്ട് മാറി, കൂട്ടത്തിലൊരാളായി നമസ്കരിച്ചുനിൽക്കുന്ന ഒരു ഭരണാധികാരിയെയാണ്. ദുബൈയുടെ വേഗത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യമുഖം—അതായിരിക്കാം ഈ നഗരത്തിന്റെ യഥാർഥ ശക്തി.
(മൂന്നു പതിറ്റാണ്ടിലധികമായി യു.എ.ഇയിലെ മാധ്യമരംഗത്ത് സജീവമാണ് ലേഖകൻ. മലയാള- ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ ഗൾഫ് മേഖലയിലെ പ്രവാസജീവിതവും സാമൂഹിക-സാംസ്കാരിക മാറ്റങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.എ.ഇയിലെ മലയാള പത്രങ്ങളെ കേന്ദ്രീകരിച്ചുള്ള മാധ്യമപഠനത്തിലാണ് ഡോക്ടറേറ്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

