ദുബൈയിൽനിന്ന് പുറപ്പെട്ട കാർഗോ വിമാനം അപകടത്തിൽപെട്ട് രണ്ട് മരണം
text_fieldsഅപകടത്തിൽപെട്ട കാർഗോ വിമാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു
ദുബൈ: ദുബൈയിൽനിന്ന് പുറപ്പെട്ട കാർഗോ വിമാനം ഹോങ്കോങ്ങിൽ റൺവേയിൽനിന്ന് തെന്നിമാറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. തുർക്കിയ കമ്പനിയായ എയർ എ.സി.ടിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് കാർഗോ വിമാനമാണ് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച അപകടത്തിൽപെട്ടത്.
ഹോങ്കോങ് വിമാനത്താവള ജീവനക്കാരാണ് അപകടത്തിൽ മരിച്ചത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം ജീവനക്കാർ സഞ്ചരിച്ച സുരക്ഷ പട്രോളിങ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. വിമാനം അപകടത്തെതുടർന്ന് റൺവേക്ക് സമീപം കടലിൽ വീണതായി ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വെളിപ്പെടുത്തി. അതേസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
അപകടസമയത്ത് വിമാനത്തിൽ ചരക്ക് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം പുലർച്ചെ 3.50നാണ് അപകടമുണ്ടായത്. 32 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപെട്ട വിമാനം. ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ ജീവനക്കാർ എമിറേറ്റ്സ് ജീവനക്കാരല്ല. അപകടമുണ്ടായ റൺവേ താൽക്കാലികമായി അടച്ചെങ്കിലും വിമാന സർവിസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

