ദുബൈയിൽ രണ്ട് ദിവസം പാർക്കിങ് സൗജന്യം
text_fieldsദുബൈ: ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് ഇളവ്. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ച കൂടി ചേരുമ്പോൾ ഫലത്തിൽ നിവാസികൾക്ക് മൂന്ന് ദിവസം പാർക്കിങ് സൗജന്യമാകും. എങ്കിലും ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ, അൽ ഖൈൽ ഗേറ്റ് എൻ -365 എന്നിവിടങ്ങൾ ഇതിൽ ഉൾപ്പെടില്ല. ഡിസംബർ മൂന്ന് മുതൽ മറ്റു പാർക്കിങ് ഇടങ്ങളിലും ഫീസുകൾ സാധാരണ നിലയിലാകും.
അവധി ദിനങ്ങളിൽ ദുബൈ മെട്രോ, ട്രാം സർവിസുകളുടെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. നവംബർ 29 ശനിയാഴ്ച റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ സർവിസ് നടത്തും. നവംബർ 30 ഞായറാഴ്ച രാവിലെ എട്ട് മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ സർവിസുണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ അഞ്ചിന് സർവിസ് തുടങ്ങും. പിറ്റേന്ന് ഒരു മണിവരെ സർവിസ് തുടരും. 29ന് രാവിലെ ആറു മുതൽ രാത്രി ഒരു മണിവരെയാണ് ട്രാം സർവിസ്. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഒരു മണിവരെയും സർവിസുണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ആറിന് തുടങ്ങി രാത്രി ഒരുമണിവരെ സർവിസ് നടത്തും. പൊതുഗതാഗത ബസുകളുടെ സർവിസ് സമയം എസ്ഹെയിൽ ആപ്പിൽ അപ്ഡേറ്റ് ചെയ്യും.
ഈദുൽ ഇത്തിഹാദിനോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പ്രവർത്തിക്കില്ല. അതേസമയം, ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ തവാർ, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സർവിസ് സേവന കേന്ദ്രങ്ങളും പ്രവർത്തിക്കില്ലെന്ന് ആർ.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

