ഇന്‍റർപോൾ തേടുന്ന രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി; റെഡ് നോട്ടീസിനെ തുടർന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു
text_fieldsദുബൈ: ഇന്റർപോൾ റെഡ്നോട്ടീസ് പുറപ്പെടുവിച്ച രണ്ട് രാജ്യന്താര കുറ്റവാളികളെ പിടികൂടി യു.എ.ഇ അധികൃതർ ബെൽജിയത്തിന് കൈമാറി. ദുബൈ പൊലീസും ഷാർജ പൊലീസുമാണ് ഇവരെ പിടികൂടിയത്. ബെൽജിയം പുറപ്പെടുവിച്ച റെഡ് നോട്ടീസിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യു.എ.ഇ കോടതിയുടെയും നീതിന്യായ മന്ത്രാലയത്തിന്‍റെയും അനുമതിയോടെയാണ് കുറ്റവാളികളെ കൈമാറാനുള്ള നടപടികൾ സ്വീകരിച്ചത്.
കൈമാറിയവരിൽ ഒരാൾ ബെൽജിയത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളികളിലൊരാളാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇയാൾക്കെതിരെ രാജ്യാന്തര മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതും അടക്കമുള്ള കേസുകൾ നിലവിലുണ്ട്. രണ്ടാമത്തെയാൾക്കെതിരെ മയക്കുമരുന്ന് കടത്തും കള്ളപ്പണ ഇടപാടും അടക്കമുള്ള കേസുകളുമുണ്ട്. അന്തരാഷ്ട്ര തലത്തിൽ നിയമപരമായ കാര്യങ്ങളിലെ സഹകരണത്തിന്‍റെ ഭാഗമായാണ് കുറ്റവാളികളെ കൈമാറിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം ഷാർജ പൊലീസ് പിടികൂടിയ തട്ടിപ്പുകാരെ നേപ്പാൾ, ഉസ്ബെക്കിസ്ഥാൻ അധികൃതർക്ക് കൈമാറിയിരുന്നു. ഇന്‍റർപോളിന്‍റെ റെഡ് നോട്ടീസിനെ തുടർന്നാണ് ഈ നടപടിയും സ്വീകരിച്ചത്. അന്താരാഷ്ട്ര കുറ്റവാളി ശൃംഖലയിലുള്ള നിരവധി പേരെയാണ് രാജ്യത്തെ വിവിധ പൊലീസ് സേനകൾ തന്ത്രപരമായി പിടികൂടി അവരവരുടെ രാജ്യങ്ങളിലേക്ക് കൈമാറിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

