നിയമം പാലിക്കുന്നതിൽ വീഴ്ച; രണ്ടു കമ്പനികൾക്ക് പിഴ
text_fieldsദുബൈ: എമിറേറ്റിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന രണ്ട് ധനകാര്യ സ്ഥാപനങ്ങൾക്ക് നിശ്ചിത റിപ്പോർട്ടിങ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) പിഴ ചുമത്തി. ഓരോ കമ്പനിക്കും ഒരു ലക്ഷം ദിർഹം വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.
2024 ജൂൺ 30ന് അവസാനിക്കുന്ന സാമ്പത്തിക കാലയളവിലെ ത്രൈമാസ ഇടക്കാല സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ നിയമപരമായ സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടതായി വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. സാമ്പത്തിക സേവന സ്ഥാപനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് എസ്.സി.എ നടപ്പാക്കി വരുന്ന നടപടികളുടെ ഭാഗമായാണ് പിഴ ചുമത്തിയത്. യു.എ.ഇയിലെ സാമ്പത്തിക വിപണികളെ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എസ്.സി.എ നിർണായക പങ്കാണ് വഹിക്കുന്നത്. സാമ്പത്തിക വിപണികൾ സുതാര്യവും നീതിയുക്തവുമാണെന്നും സ്ഥാപിത നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നത് അതോറിറ്റിയാണ്. വഞ്ചന, കൃത്രിമത്വം, മറ്റ് അധാർമിക രീതികൾ എന്നിവ തടയുന്നതിന് സെക്യൂരിറ്റീസ് മാർക്കറ്റുകളിലെയും കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലെയും വ്യാപാര പ്രവർത്തനങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നുമുണ്ട്.
സാമ്പത്തിക റിപ്പോർട്ടിങ്, റിപ്പോർട്ട് സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നതിനാൽ നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ അതോറിറ്റി കർശന നടപടിയാണ് സ്വീകരിക്കുന്നത്.
യു.എ.ഇയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ കൃത്യസമയത്ത് കൃത്യമായ സാമ്പത്തിക പ്രസ്താവനകൾ സമർപ്പിക്കുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പാക്കുന്നുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

