മംസാർ ബീച്ചിൽ മുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി
text_fieldsമംസാർ ബീച്ചിൽ അപകടത്തിൽപെട്ട കുട്ടികളെ ആശുപത്രിയിൽ സന്ദർശിക്കുന്ന സിവിൽ ഡിഫൻസ് ഉന്നത ഉദ്യോഗസ്ഥർ
ഷാർജ: എമിറേറ്റിലെ മംസാർ ലഗൂൺ ബീച്ചിൽ മുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. സംഭവം ശ്രദ്ധയിൽപെട്ട അറബ് യുവാവാണ് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയത്. അപകടം തിരിച്ചറിഞ്ഞ് ഇടപെട്ട യുവാവിനെ ഷാർജ സിവിൽ ഡിഫൻസ് അധികൃതർ ആദരിച്ചു. രക്ഷപ്പെടുത്തിയശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും ആരോഗ്യ സാഹചര്യം വിലയിരുത്തുകയും ചെയ്തു. ഡയറക്ടർ ജനറൽ ബ്രി. യൂസുഫ് ഉബൈദ് ഹർമൂൽ അൽ ശംസി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രി. സഈദ് ഉബൈദ് റാശിദ് അൽ സുവൈദി എന്നിവരാണ് സന്ദർശിച്ചത്.
ഖാസിം മുഹമ്മദ് അൽ സായിദ് മഹ്മൂദ് എന്ന യുവാവാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ദേശീയ ഉത്തരവാദിത്തത്തിന്റെ ഏറ്റവും ഉയർന്ന രീതിയെയാണ് ജീവൻ രക്ഷാപ്രവർത്തനം അടയാളപ്പെടുത്തുന്നതെന്ന് ബ്രി. അൽ ശംസി പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ കാരുണ്യവും ധീരതയും പ്രതിഫലിപ്പിക്കുന്നതാണെന്നും ഇത് സഹകരണത്തിന്റെ സംസ്കാരം പ്രചോദിപ്പിക്കുന്നതും സമൂഹത്തിൽ ഉത്തരവാദിത്തബോധം പ്രോത്സാഹിപ്പിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരമേഖലകളിലും നീന്തൽ സ്ഥലങ്ങളിലും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബീച്ചുകളിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നും അധികൃതർ തുടർച്ചയായി മുന്നറിയിപ്പ് നൽകാറുണ്ട്. സമീപകാലത്തായി ബീച്ചുകളിൽ പട്രോളിങ് വർധിപ്പിച്ചതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

