വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ
text_fieldsഷാർജ: വാഹനാപകടത്തിൽ രണ്ട് പിഞ്ചു കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറെ അറസ്റ്റുചെയ്തതായി ഷാർജ പൊലീസ് അറിയിച്ചു. ഈ മാസം എട്ടിന് അൽ ബാദിയ പാലത്തിന് സമീപം എമിറേറ്റ്സ് റോഡിലുണ്ടായ അപകടത്തിൽ അഞ്ചും ഏഴും വയസ്സുള്ള ഇമാറാത്തികളായ കുട്ടികൾ മരിച്ച കേസിലാണ് ഇമാറാത്തി പൗരനായ ഡ്രൈവറെ അറസ്റ്റു ചെയ്തത്.
തിരക്കേറിയ റോഡിലൂടെ അമിത വേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ട് നാല് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് ഡ്രൈവർമാരും രണ്ട് യാത്രക്കാരും ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ്, നാഷനൽ ആംബുലൻസ് ടീമുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടറിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് കുട്ടികളെ രക്ഷപ്പെടുത്താനായില്ല. അബൂദബി സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ. ഷാർജയിൽ ബന്ധുക്കളെ സന്ദർശിച്ച് അബൂദബിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടം വരുത്തിയ ഡ്രൈവർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവറുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചതായി ട്രാഫിക് പട്രോൾസ് ഡിപ്പാർട്മെന്റ് തലവൻ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല അൽ മന്ദാരി പറഞ്ഞു.
അമിത വേഗമാണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് അപകടത്തിലൂടെ അടിവരയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

