ദുബൈയിൽ രണ്ട് പാലങ്ങൾ തുറന്നു
text_fieldsദുബൈയിൽ ഗതാഗതത്തിന് തുറന്ന് നൽകിയ പുതിയ പാലം
ദുബൈ: ഊദ് മേത്ത, അൽ സായൽ സ്ട്രീറ്റ് വികസന പദ്ധതികളുടെ ഭാഗമായി നിർമിച്ച രണ്ട് പാലങ്ങൾ കൂടി ഗതാഗതത്തിനായി തുറന്ന് നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഊദ് മേത്ത സ്ട്രീറ്റ്, അൽ സായൽ സ്ട്രീറ്റ്, അൽ ക്ലബ് സ്ട്രീറ്റ് എന്നിവ ചേരുന്ന ജങ്ഷനിലാണ് ആദ്യത്തെ പാലം.
രണ്ട് വരിയുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ ഏതാണ്ട് 24,00 വാഹനങ്ങൾക്ക് കടന്നുപോകാം. അൽ സായൽ സ്ട്രീറ്റിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ഗതാഗതം ഇതുവഴി കൂടുതൽ സുഗമമാകും. മേഖലയിലെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിൽ ഒന്നായിരുന്നു ഇത്. പുതിയ പാലം വരുന്നതോടെ തിരക്ക് പൂർണമായും ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെ പാലം അൽ വസൽ ക്ലബ് സ്ട്രീറ്റ്, അൽ ഖൈൽ റോഡ് ഇന്‍റർസെക്ഷനിലാണ് നിർമിച്ചിരിക്കുന്നത്.
രണ്ട് വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ ഏതാണ്ട് 3000 വാഹനങ്ങൾ കടന്നുപോകാനാകും. അൽസായൽ സ്ട്രീറ്റിൽ നിന്ന് ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള അൽ ഖൈൽ റോഡിലേക്ക് നേരിട്ട് ഗതാഗതം സാധ്യമാക്കാൻ പുതിയ പാലം സഹായിക്കും.
ദുബൈയിലെ പ്രധാനപ്പെട്ട താമസ, വാണിജ്യ മേഖലകളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ഗതാഗതം തടസ്സമില്ലാതാക്കുന്നതിനായാണ് പാലങ്ങളുടെ രൂപകൽപന. രണ്ട് പാലങ്ങളും ശൈഖ് സായിദ് ഇടനാഴി വികസന പദ്ധതിയുടെ പ്രധാന ഭാഗം കൂടിയാണ്. ദുബൈയിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും അതിവേഗം വികസിക്കുന്നതുമായി ചില പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് താമസക്കാർക്ക് നേരിട്ട് പ്രയോജനം ലഭിക്കും. ഊദ് മേത്ത, അൽ സായൽ സ്ട്രീറ്റ് വികസന പദ്ധതി 72 ശതമാനവും പൂർത്തിയായതായി ആർ.ടി.എ സ്ഥീകരിച്ചു.
തുരങ്കപാതയുടെ നിർമാണം 70 ശതമാനത്തിലെത്തി. ദുബൈ-അൽഐൻ റോഡിൽ നിന്ന് ഊദ് മൈത സർവീസ് റോഡിലേക്കുള്ള ഗതാഗതത്തിന് ഈ തുരങ്കം ഉപകരിക്കും. അവശേഷിക്കുന്ന റോഡിന്‍റെയും പാലങ്ങളുടെയും വികസനം നടന്നുവരികയാണെന്നും ഈ വർഷം മൂന്നാം പാദത്തോടെ കൈമാറുന്നമെന്നും ആർ.ടി.എ അറിയിച്ചു. 14 കിലോമീറ്റർ റോഡുകൾക്കൊപ്പം 4.3 കിലോമീറ്റർ നീളത്തിൽ പാലങ്ങൾ, ടണലുകൾ, ഇടനാഴിലുടനീളുമുള്ള നാല് പ്രധാന ജങ്ഷനുകളുടെ നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ദുബൈയിൽ നടക്കുന്ന ഏറ്റവും സമഗ്രമായ റോഡ് വികസന പദ്ധതിയാണിതെന്നും ആർ.ടി.എ വൃത്തങ്ങൾ വ്യക്തമാക്കി. സഅബീൽ, അൽ ജദ്ദാഫ്, ഈദ് മേത്ത, ഉമ്മു ഹുറൈർ എന്നിവിടങ്ങളിലെ താമസക്കാർക്ക് പദ്ധതി നേരിട്ട് ഉപകാരപ്പെടുമെന്ന് ആർ.ടി.എ എക്സിക്യുട്ടീവ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

