കടലിൽ രണ്ടിടത്ത് അപകടം; 16 പേരെ രക്ഷപ്പെടുത്തി
text_fieldsദുബൈ: യു.എ.ഇയുടെ സമുദ്രാതിർത്തിയിലുണ്ടായ രണ്ട് അപകടങ്ങളിലായി 16 പേരെ രക്ഷപ്പെടുത്തി നാഷനൽ ഗാർഡ്. മുങ്ങിക്കൊണ്ടിരുന്ന ചരക്കുകപ്പലിൽനിന്ന് പരിക്കേറ്റ മൂന്ന് നാവികരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. തുടർന്ന് തീരത്ത് മുങ്ങിക്കൊണ്ടിരുന്ന പിക്നിക് ബോട്ടിൽനിന്ന് 13 പേരെയും രക്ഷപ്പെടുത്തിയതായി നാഷനൽ ഗാർഡ് ഞായറാഴ്ച അറിയിച്ചു.
ആദ്യ സംഭവത്തിൽ രക്ഷപ്പെട്ട മൂന്നുപേരും ഏഷ്യൻ പൗരന്മാരാണ്. നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുമായും യു.എ.ഇ കോസ്റ്റ് ഗാർഡുമായും സഹകരിച്ചാണ് നാഷനൽ ഗാർഡ് രക്ഷാപ്രവർത്തന ദൗത്യത്തിന് നേതൃത്വം നൽകിയത്. മൂന്നുപേരെയും പിന്നീട് ബോട്ടുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി.
കപ്പൽ അപകടത്തിൽപെട്ടതിന്റെ കാരണം അറിവായിട്ടില്ല. രക്ഷാപ്രവർത്തനം നടന്ന സ്ഥലവും നാഷനൽ ഗാർഡ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, രാജ്യത്തിന്റെ സമുദ്രാതിർത്തിയിലാണ് സംഭവമെന്ന് മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. നൂതന സംവിധാനങ്ങളുപയോഗിച്ച് രക്ഷാപ്രവർത്തകർ കൃത്യമായി സ്ഥലത്തെത്തി പരിക്കേറ്റ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയവർക്ക് സ്ഥലത്തുതന്നെ ഉടനടി വൈദ്യസഹായം നൽകി. തുടർന്ന് കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൗരന്മാരും താമസക്കാരും ഉൾപ്പെടെ സഞ്ചരിച്ച പിക്നിക് ബോട്ടിൽനിന്ന് അപകട സിഗ്നൽ ലഭിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ പിന്തുണയോടെയാണ് നാഷനൽ ഗാർഡ് പ്രവർത്തിക്കുന്നത്.
കരയിലും കടലിലും അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിനകത്തും വിദേശത്തും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായം നൽകുകയും ചെയ്തുവരുന്നുണ്ട്.കഴിഞ്ഞ മാസം, കടലിൽവെച്ച് തീപിടിച്ച ഒരു കപ്പലിൽ നിന്ന് യു.എ.ഇ നാഷനൽ ഗാർഡ് 10 ഏഷ്യൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നു.
2024 ആഗസ്റ്റിൽ, ഒമാനിൽ ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇമാറാത്തി സ്ത്രീയെ നാഷനൽ ഗാർഡ് നടത്തിയ രക്ഷാദൗത്യത്തിൽ അടിയന്തര വൈദ്യസഹായത്തിനായി യു.എ.ഇയിലേക്ക് എത്തിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സംയുക്തമായി നടത്തിയ ഓപറേഷനിൽ, നാഷനൽ ഗാർഡിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്ടറിൽ സ്ത്രീയെ രാജ്യത്ത് എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

