അപകടകരമായ ഡ്രൈവിങ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഷാർജയിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅപകടകരമായി വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങളിൽനിന്ന്
ഷാർജ: റോഡിലെ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്. ഇതിലൊരാൾ തങ്ങൾ അപകടരമായി വണ്ടിയോടിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പൊലീസിനെ അന്വേഷണത്തിലേക്ക് നയിച്ചത്.കുറ്റക്കാരായ രണ്ട് പേരുടെയും വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും തുടർ നിയമനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
പൊതുറോഡുകൾ അപകടകരമായ വെല്ലുവിളികൾ നടത്താനുള്ള സ്ഥലമല്ലെന്ന് ഈ സംഭവത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ഷാർജ പൊലീസ് ഓർമിപ്പിച്ചു. ട്രാഫിക് നിയമലംഘനങ്ങൾ സോഷ്യൽ മീഡിയയിലൂടെ മഹത്വവൽക്കരിക്കുന്നതിനെതിരെ ഡ്രൈവർമാർക്ക് പോലീസ് മുന്നറിയിപ്പ് നൽകി. രണ്ട് നിസ്സാൻ പട്രോൾ വാഹനങ്ങൾ പരസ്പരം മത്സരിച്ചും അപകടകരമായ രീതിയിലും ഓടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങളുടെയും മറ്റ് അന്വേഷണ മാർഗങ്ങളുടെയും സഹായത്തോടെയാണ് പൊലീസ് രണ്ട് ഡ്രൈവർമാരെയും കണ്ടെത്തുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
‘റോഡ് വെല്ലുവിളികൾ നടത്താനുള്ള സ്ഥലമല്ല. സമൂഹ മാധ്യമങ്ങൾ നിയമലംഘനങ്ങൾ പരസ്യപ്പെടുത്താനുള്ള ഇടവുമല്ല. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന നിമിഷം മുതൽ ആരംഭിക്കും’ -പൊലീസ് വ്യക്തമാക്കി.
റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും ഷാർജ പൊലീസ് ആവശ്യപ്പെട്ടു. ഓൺലൈനിൽ പങ്കുവെക്കുന്ന നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ ക്രിമിനൽ അന്വേഷണത്തിൽ തെളിവുകളായി മാറുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

