ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി തട്ടിപ്പ്; ദുബൈയിൽ രണ്ട് പേർ അറസ്റ്റിൽ
text_fieldsവ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം കൈമാറിയ കേസിൽ ദുബൈ പൊലീസ് പിടികൂടിയ പ്രതികൾ
ദുബൈ: ഓൺലൈൻ തട്ടിപ്പുകളിലൂടെ നേടിയ പണം കൈമാറുന്നതിനായി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ദുരുപയോഗം ചെയ്ത രണ്ട് പേരെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ദുബൈ പൊലീസിന്‍റെ ജനറൽ ഡിപാർട്ട്മെന്റിലെ തട്ടിപ്പ് വിരുദ്ധ കേന്ദ്രം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ചെറിയ കമീഷൻ വാഗ്ദാനം ചെയ്താണ് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളുടെയും ഡിജിറ്റൽ വാലറ്റുകളുടെയും രഹസ്യ വിവരങ്ങൾ ഇവർ കൈക്കലാക്കിയിരുന്നത്. തുടർന്ന് ഓൺലൈൻ തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം ഈ അക്കൗണ്ടുകളിലൂടെയും ഡിജിറ്റൽ വാലറ്റുകളിലൂടെയും ക്രിമിനൽ സംഘങ്ങൾക്ക് കൈമാറുകയാണ് പതിവ്. തട്ടിപ്പ് വഴി നേടിയ പണത്തിന്‍റെ ഉറവിടം കണ്ടെത്തുന്നത് തടയാനും പൊലീസിനെ കബളിപ്പിക്കാനുമാണ് ഈ തന്ത്രം ഉപയോഗിച്ചിരുന്നത്. പിടിയിലായ പ്രതികളിൽ നിന്ന് നിരവധി പേയ്മെന്റ് കാർഡുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ ബാങ്കിങ് വിവരങ്ങൾ കൈമാറാനോ സംശയകരമായ രീതിയിൽ ഓഫറുകൾ നൽകുന്നവരുമായി ബന്ധപ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. ഇത്തരം നടപടികൾ അബദ്ധവശാൽ നിങ്ങളെ കുറ്റകൃത്യങ്ങളുടെ പങ്കാളികളാക്കപ്പെടും. ഇത് നിയമപരമായ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ദുബൈ പൊലീസ് അറിയിച്ചു. സംശയകരമായ ഇത്തരം ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്‍റെ ഇ-ക്രൈം പ്ലാറ്റ്ഫോമിലൂടെ അറിയിക്കണം. കൂടാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന് സുരക്ഷാ നടപടി സ്വീകരിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

