ദുബൈയിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന: രണ്ട് പേർ പിടിയിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ മയക്ക് മരുന്ന് കടത്ത് കേസിലെ പ്രതി
ദുബൈ: എമിറേറ്റിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തെ ദുബൈ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഷ്യൻ വംശജരായ രണ്ട് പേർ പിടിയിലായത്. പ്രതികളിൽ നിന്ന് 40 കിലോ മയക്ക് മരുന്നുകളും പിടിച്ചെടുത്തു.
സംഘത്തെ നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യത്തുള്ള ഗുണ്ടാനേതാവാണെന്ന് കണ്ടെത്തിയതായി ദുബൈ പൊലീസ് അറിയിച്ചു. വിത്യസ്ത രീതിയിലുള്ള മയക്ക് മരുന്നുകളാണ് പ്രതികളിൽ നിന്ന് ലഭിച്ചത്. എമിറേറ്റിലെ വീടുകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ‘ഓപറേഷൻ വില്ല’ എന്ന പേരിൽ നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായതെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ആന്‍റി നർകോട്ടിക്സ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു.
യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് കടത്തുകാരുടെയും വിതരണക്കാരുടെയും പദ്ധതികൾ കണ്ടെത്താനും തകർക്കാനും പൊലീസ് നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ‘ഓപറേഷൻ വില്ല’ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക ടീം രൂപവത്കരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.
പ്രതികളുടെ നീക്കങ്ങളും വിൽപന രീതികളും കൃത്യമായി നിരീക്ഷിച്ചിരുന്നു. തുടർന്ന് നടന്ന സ്റ്റിങ് ഓപറേഷനിൽ ആദ്യ പ്രതി പൊലീസിന്‍റെ വലയിലായി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും രണ്ടാം പ്രതിയുടെ പങ്ക് വ്യക്തമായി. തുടർന്ന് നടത്തിയ സ്റ്റിങ് ഓപറേഷനിൽ മയക്ക് മരുന്നുമായി രണ്ടാമത്തെ പ്രതിയും കൈയോടെ പിടിക്കപ്പെടുകയായിരുന്നു. കെറ്റാമിൻ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹഷീഷ് ഓയിൽ, മറ്റ് രാസവസ്തുക്കൾ, ലായനികൾ തുടങ്ങിയവയാണ് ഇവരിൽ പിടികൂടിയത്. വില്ലകൾക്ക് സമീപം സംശയകരമായ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധിയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ പൊലീസ് ഐ പ്ലാറ്റ്ഫോമിലോ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

