ഷാർജയിൽ മലയാളി മരിച്ചത് സംഘർഷത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ്
text_fieldsഷാർജ: ഷാർജയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മലയാളി മരിച്ചത് കെട്ടിടത്തിൽ നിന്ന് വീണാണെന്ന് പൊലീസ്. ഇടുക്കി നെടുങ്കണ്ടം തെക്കേകൂട്ടാർ തടത്തിൽ പി.കെ. വിജയെൻറ മകൻ ടി.വി. വിഷ്ണുവാണ് (29) മരിച്ചത്. സംഘർഷത്തിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീഴുകയായിരുന്നുവെന്ന് ഷാർജ പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് സംഭവം. ഷാർജ അബൂഷഗാറയിലെ താമസ സ്ഥലത്താണ് സംഘർഷമുണ്ടായത്. ഒന്നാം നിലയിലെ ബാൽക്കണി വഴി ഓടി രക്ഷെപടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. രക്തം വാർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
ഷാർജയിലെ സലൂൺ ജീവനക്കാരനായ വിഷ്ണു ഓഫ് ദിവസമായതിനാൽ ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ സ്വദേശികളായ ചിലരെ പിടികൂടിയതായി സൂചനയുണ്ട്.

