തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ നാളെ യു.എ.ഇയിൽ
text_fieldsതുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ
ദുബൈ: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ദ്വിദിന സന്ദർശനത്തിനായി തിങ്കളാഴ്ച യു.എ.ഇയിലെത്തും. പത്തുവർഷത്തിനിടയിൽ ആദ്യമായാണ് തുർക്കി പ്രസിഡൻറ് സന്ദർശനത്തിന് യു.എ.ഇയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായ സന്ദർശനത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കമുള്ള നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നതിനാൽ സന്ദർശന വേളയിൽ കാലാവസ്ഥാ വ്യതിയാനം, ഊർജം, ജലം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, കൃഷി, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യം, ധനകാര്യം, ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ നവംബറിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് തുർക്കി സന്ദർശിച്ചിരുന്നു. തുർക്കിയിലെത്തിയ ശൈഖ് മുഹമ്മദിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഉർദുഗാൻ നേരിട്ട് പങ്കെടുത്ത സ്വീകരണത്തിൽ യു.എ.ഇയുടെയും തുർക്കിയുടെയും ദേശീയഗാനങ്ങൾ ആലപിക്കുകയും പതാക ഉയർത്തുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം, ബിസിനസ് പങ്കാളിത്തം, നിക്ഷേപം എന്നിവ മെച്ചപ്പെടുത്തി സാമ്പത്തിക മൂല്യം സൃഷ്ടിക്കുക എന്നതായിരുന്നു ശൈഖ് മുഹമ്മദിന്റെ വിജയകരമായ സന്ദർശന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

