ട്രംപ് അബൂദബിയിൽ; ഊഷ്മള സ്വീകരണം, യു.എ.ഇയുമായി വിവിധ കരാറുകളിൽ ഒപ്പുവെക്കും
text_fieldsഅബൂദബി: സൗദി, ഖത്തർ സന്ദർശനങ്ങൾക്ക് ശേഷം യു.എ.ഇ സന്ദർശനത്തിനായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അബൂദബിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം നാലോടെ അബൂദബിയിലെത്തിയ ട്രംപിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.
യു.എ.ഇയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ട്രംപിന്‍റെ വിമാനത്തെ ആദരസൂചകമായി യു.എ.ഇ സൈനിക വിമാനങ്ങൾ അനുഗമിച്ചു. അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് എന്നിവരടക്കം പ്രമുഖരും സ്വീകരിക്കാനെത്തിയിരുന്നു.
അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശനം, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച, ഖസ്ർ അൽ വത്നിൽ അത്താഴ വിരുന്ന്, വിവിധ കരാറുകളിൽ ഒപ്പുവെക്കൽ എന്നിവ സന്ദർശനത്തിന്‍റെ ഭാഗമായി നടക്കും. പ്രധാനമായും നിർമ്മിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളിൽ പരസ്പരം സഹകരിക്കാനുള്ള കരാറുകളാണ് പ്രതീക്ഷിക്കുന്നത്.
സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിട്ടുണ്ട്. പദവിയിലിരിക്കെ യു.എ.ഇ സന്ദർശിക്കുന്ന രണ്ടാമത്തെ യു.എസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. 2008ൽ ജോർജ് ഡബ്ല്യു ബുഷാണ് അവസാനമായി യു.എ.ഇ സന്ദർശിച്ചത്. ട്രംപ് രണ്ടാമതാണ് യു.എ.ഇയിൽ എത്തുന്നത്. 2014ൽ സ്വകാര്യ സന്ദർശനത്തിനായി അദ്ദേഹം യു.എ.ഇയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

