റെഡ് സിഗ്‌നല്‍ മറികടന്ന ട്രക്ക് ഡ്രൈവര്‍; 89,080 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
text_fieldsഅബൂദബി: ചുവപ്പ് സിഗ്‌നല്‍ മറികടന്ന ട്രക്ക് ഡ്രൈവര്‍ 89,080 ദിര്‍ഹം തൊഴിലുടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. കമ്പനി ആവശ്യപ്പെട്ട 2,30,000 ദിര്‍ഹത്തിന്റെ അവകാശവാദം തള്ളിയാണ് കോടതിയുടെ പുതിയ വിധി. മുമ്പ് ഇതേ കേസില്‍ ഡ്രൈവര്‍ക്ക് കോടതി 10,000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷിപ്പിങ് ആന്‍ഡ് കസ്റ്റംസ് ക്ലിയറന്‍സ് കമ്പനി സിവില്‍ കോടതിയെ സമീപിച്ചത്.
2025 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസമാകുന്നതിന് മുന്‍പാണ് ഡ്രൈവര്‍ അബൂദബിയില്‍ റെഡ് സിഗ്‌നല്‍ മറികടന്ന് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം അപകടമുണ്ടാക്കിയത്. അപകടത്തെ തുടര്‍ന്ന് ട്രക്ക് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. വാഹനം വിട്ടുകിട്ടാന്‍ കമ്പനി നേരിട്ട ഭാരിച്ച ചെലവുകളും ട്രക്ക് കസ്റ്റഡിയിലായതിനാല്‍ 230 ദിവസത്തോളം സര്‍വീസ് നടത്താന്‍ കഴിയാത്തതുമൂലമുണ്ടായ വരുമാന നഷ്ടവും ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്.
ഗുരുതരമായ നിയമലംഘനത്തിന് അടച്ച 50,000 ദിര്‍ഹം പിഴ, വാഹനം പിടിച്ചുവച്ചതിനായി ഈടാക്കിയ 3,000 ദിര്‍ഹം, മറ്റ് ട്രാഫിക് പിഴകളായ 2,180 ദിര്‍ഹം, അല്‍ ഐനില്‍ നിന്ന് അബൂദബിയിലേക്ക് ട്രക്ക് കൊണ്ടുവന്ന വകയിലുള്ള 1,800 ദിര്‍ഹം, സഹാദ് വഴി ട്രക്ക് മാറ്റിയ ഇനത്തില്‍ 2,100 ദിര്‍ഹം എന്നിവ ഉള്‍പ്പെടെ 59,080 ദിര്‍ഹത്തിന്റെ ഔദ്യോഗിക രസീതുകള്‍ കമ്പനി ഹാജരാക്കിയിരുന്നു. ഇതിനുപുറമെ, 2025 ഒക്ടോബര്‍ 13 മുതല്‍ 2026 ജൂണ്‍ നാലു വരെയുള്ള 230 ദിവസങ്ങളില്‍ വാഹനം കസ്റ്റഡിയിലായതിലൂടെ ഉണ്ടായ വരുമാന നഷ്ടത്തിന് 2,30,000 ദിര്‍ഹവും കമ്പനി ആവശ്യപ്പെട്ടു.
അഭിഭാഷകനില്ലാതെ നേരിട്ട് കോടതിയില്‍ ഹാജരായ ഡ്രൈവര്‍ കമ്പനിയുടെ വാദങ്ങളെ എതിര്‍ക്കുകയും ഇത്രയും തുക നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, കമ്പനി സമര്‍പ്പിച്ച ആദ്യ അഞ്ച് ഇനങ്ങളിലെ രസീതുകള്‍ ഔദ്യോഗിക അതോറിറ്റികളില്‍ നിന്നുള്ളതാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ വീഴ്ച കാരണം മാത്രമാണ് കമ്പനിക്ക് ഈ തുക നഷ്ടമായതെന്ന് കോടതി നിരീക്ഷിച്ചു. ഈ രേഖകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞതുമില്ല. അതേസമയം, വാഹനം കസ്റ്റഡിയിലായ കാലയളവിലെ വരുമാന നഷ്ടം അമിതമാണെന്ന് വിലയിരുത്തിയ കോടതി, സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ഇത് 30,000 ദിര്‍ഹമായി നിശ്ചയിച്ചു.
ഇതനുസരിച്ച്, രേഖകള്‍ പ്രകാരമുള്ള ചെലവുകളായ 59,080 ദിര്‍ഹവും കസ്റ്റഡി കാലയളവിലെ നഷ്ടപരിഹാരമായ 30,000 ദിര്‍ഹവും ചേര്‍ത്ത് ആകെ 89,080 ദിര്‍ഹം ഡ്രൈവര്‍ കമ്പനിക്ക് നല്‍കണം. കോടതി ഫീസും മറ്റ് അനുബന്ധ ചെലവുകള്‍ക്കും പുറമെ 300 ദിര്‍ഹം നിയമസഹായ ഫീസും ഡ്രൈവര്‍ വഹിക്കണമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

