20 ലാപ്ടോപ് മോഷ്ടിച്ച കേസിൽ നാലു പ്രതികൾക്കെതിരെ വിചാരണ
text_fieldsദുബൈ: അൽ ബറാഹ പ്രദേശത്ത് ഒരു ഇലക്ട്രോണിക്സ് ട്രേഡിങ് കമ്പനിയിലെ രണ്ട് ജീവനക്കാരിൽനിന്ന് 20 മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ മോഷ്ടിച്ച നാല് പേർക്കെതിരെ ദുബൈ ക്രിമിനൽ കോടതി വാദം കേൾക്കും. അൽ ബറാഹയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ലാപ്ടോപ്പുകളെത്തിക്കാൻ കമ്പനി രണ്ട് ജീവനക്കാരെ ചുമതലപ്പെടുത്തുകയായിരുന്നു.
ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ തങ്ങൾ ലാപ്ടോപ് സ്വീകരിക്കാൻ വന്നതാണെന്ന് വ്യാജമായി അവകാശപ്പെട്ട് നാലുപേർ അവരെ സമീപിച്ചു. തുടർന്ന് പ്രതികൾ ലാപ്ടോപ്പുകൾ കൈക്കലാക്കുകയും രണ്ട് ജീവനക്കാരെയും കസേരകളിൽ കെട്ടിയിട്ട് ഓടി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരകൾ ദുബൈ പൊലീസിൽ വിവരമറിയിക്കുകയും സംഭവസ്ഥലത്ത് എത്തിച്ചേർന്ന് അന്വേഷണമാരംഭിക്കുകയുമായിരുന്നു.
വിരലടയാളങ്ങളും സർവൈലൻസ് കാമറ ചിത്രങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ നാലുപേരും പിടിച്ചുപറി സമ്മതിച്ചിരുന്നു. പൊലീസ് മോഷണംപോയ ലാപ്ടോപ്പുകളെല്ലാം കണ്ടെടുത്തു. ഇത് പ്രതികൾ മറ്റൊരു ഇലക്ട്രോണിക്സ് കമ്പനിക്ക് കുറഞ്ഞ വിലക്ക് വിൽക്കാനിരിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടിൽ പറഞ്ഞു. മറ്റൊരു സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വ്യാജ തൊഴിൽ പരസ്യം വഴി പ്രലോഭിപ്പിച്ച് സ്ത്രീയിൽനിന്ന് ലാപ്ടോപ് മോഷ്ടിച്ച കേസിൽ 35 കാരനായ ഏഷ്യൻ യുവാവിന് ഒരു മാസം തടവും നാടുകടത്തലും കോടതി ശിക്ഷവിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

