ദുബൈ: ഒരേസമയം 10,000 കോവിഡ് രോഗികൾക്ക് ചികിത്സ സൗകര്യമൊരുക്കുന്ന അബൂദബിയിലെ ഫീൽഡ് ആശുപത്രി റെക്കോഡ് വേഗത്തിൽ സജ്ജമായി. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ആശുപത്രിയിൽ 2784 മുറികളാണുള്ളത്. അബൂദബിയിലെ അൽ റസീൻ ഹെൽത്ത് കോംപ്ലക്സിൽ മാസങ്ങൾകൊണ്ടാണ് ആശുപത്രി സുസജ്ജമായത്. ആരോഗ്യ പ്രവർത്തകർ, സുരക്ഷ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർക്ക് പുറമെ 9984 രോഗികൾക്ക് ഇവിടെ തങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. െഎസൊലേഷനിൽ കഴിയുന്ന എല്ലാ രോഗികൾക്കും ദിവസവും മൂന്നുനേരം ഭക്ഷണം ലഭ്യമാക്കുമെന്ന് ഫെഡറൽ നാഷനൽ കൗൺസിൽ സഹമന്ത്രി ഫൈസൽ അൽ കമാലി പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർ, പൊലീസ് തുടങ്ങിയവരുടെ സഹായത്തോടെയാണ് നിർമാണം അതിവേഗം പൂർത്തിയാക്കാനായത്. ഇതിന് യു.എ.ഇ നേതാക്കളോട് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ ആരംഭിച്ച ഫീൽഡ് ആശുപത്രിക്ക് പുറമെയാണിത്. ഏപ്രിലിൽ മൂന്നു ഫീൽഡ് ആശുപത്രികൾ തുറന്നിരുന്നു. ഇതിൽ രണ്ടും അബൂദബിയിലായിരുന്നു. അബൂദബി ഹെൽത്ത് അതോറിറ്റിയായ സേഹയായിരുന്നു ഇത് നിർമിച്ചത്. എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ ആശുപത്രിയിൽ 1200 കിടക്കകളും അബൂദബി എക്സിബിഷൻ സെൻററിലെ ആശുപത്രിയിൽ 1000 കിടക്കകളുമുണ്ട്. അൽ മെന പരിശോധന കേന്ദ്രത്തിൽ ദിവസവും 2000 പേരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. 20 മിനിറ്റിനുള്ളിൽ ഒരാളുടെ പരിശോധന പൂർത്തിയാക്കും.