ഇന്‍ഷുറന്‍സ് പരിധി കവിഞ്ഞ ചികിത്സ ചെലവ്: ദമ്പതികള്‍ ആശുപത്രിക്ക് 1,80,782 ദിര്‍ഹം നല്‍കാന്‍ വിധി
text_fieldsഅബൂദബി: ഇന്‍ഷുറന്‍സ് കവറേജ് തുകയായ 2,50,000 ദിര്‍ഹം കഴിഞ്ഞ് ആശുപത്രി ബില്ലിന്റെ ബാക്കി തുകയായ 1,80,782 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് അബൂദബി കൊമേഴ്‌സ്യല്‍ കോടതി ഉത്തരവ്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാതാവിനും രണ്ട് നവജാത ശിശുക്കള്‍ക്കും നല്‍കിയ അടിയന്തര വൈദ്യസേവനങ്ങളുടെയും പരിചരണത്തിന്റെയും ബാക്കി തുകയാണിത്. ചികിത്സാപ്പിഴവ് സംബന്ധിച്ച അന്വേഷണം നടപ്പിലിരിക്കെത്തന്നെ, ഭര്‍ത്താവ് ഒപ്പിട്ടുനല്‍കിയ ഉറപ്പുമൂലമാണ് ഈ തുക നല്‍കാന്‍ ഇവര്‍ ബാധ്യസ്ഥരായതെന്ന് കോടതി വ്യക്തമാക്കി.
ആശുപത്രി സമര്‍പ്പിച്ച കേസ് പ്രകാരം, ദമ്പതികളും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് മൊത്തം 4,30,782 ദിര്‍ഹം നല്‍കണമെന്നും, നഷ്ടങ്ങള്‍ക്കും മറ്റുമായി ഒരു ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം. കൂടാതെ കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ 12 ശതമാനം നിരക്കില്‍ പലിശയും കോടതി ചെലവുകളും ആവശ്യപ്പെട്ടിരുന്നു.
ഇന്‍ഷുറന്‍സ് കമ്പനി, തൊഴിലുടമ എന്ന നിലയില്‍ നല്‍കാമെന്ന് ഏറ്റെടുത്ത പരമാവധി കവറേജായ 2,50,000 ദിര്‍ഹം നല്‍കി തങ്ങളുടെ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അബൂദബി എമിറേറ്റിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമപ്രകാരം തൊഴിലുടമയുടെ ഉത്തരവാദിത്തം ഇതില്‍ പരിമിതമാണെന്നും കോടതി വ്യക്തമാക്കി.
ചികിത്സ ലഭിച്ച ഭാര്യയും (ഒന്നാം പ്രതി), എല്ലാ ചികിത്സാച്ചെലവുകളും തങ്ങള്‍ക്കുവേണ്ടി ഏറ്റെടുത്ത് ഒപ്പിട്ടുനല്‍കിയ ഭര്‍ത്താവും (രണ്ടാം പ്രതി) മാത്രമാണ് ഈ തുക നല്‍കാന്‍ ബാധ്യസ്ഥരെന്ന് കോടതി സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

