അബൂദബിയിൽ നിന്നുള്ള വിമാനയാത്രക്കാരുടെ ശ്രദ്ധക്ക്; ഇനി സിറ്റി ടെര്‍മിനലിൽ ചെക്ക് ഇൻ ചെയ്യാം
text_fieldsമിനാ ക്രൂസ് ടെര്‍മിനലിലെ സിറ്റി ടെര്‍മിനല്‍ ചെക്ക് ഇന്‍ സേവനം യു.എ.ഇ മന്ത്രി ശൈഖ് നഹ്യാൻ ബിന്‍ മുബാറക് ആല് നഹ്യാൻ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: അബൂദബി വിമാനത്താവളത്തിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് ഇനി മിനാ ക്രൂസ് ടെര്‍മിനലിലെ മൊറാഫിക് സിറ്റി ടെര്‍മിനലിൽ ചെക്ക് ഇന്‍ പൂർത്തിയാക്കാം. ഈ സേവനത്തിന്റെ ഉദ്ഘാടനം യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിന്‍ മുബാറക് ആല് നഹ്യാൻ നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ ഇത്തിഹാദ്, വിസ് എയര്‍, ഈജിപ്ത് എയര്‍ വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് സിറ്റി ചെക്ക് ഇന്‍ സേവനം ലഭിക്കുന്നത്. മറ്റ് വിമാന യാത്രക്കാര്‍ക്കും ചെക്ക് ഇന്‍ സേവനം വൈകാതെ ലഭ്യമാക്കും.
അബൂദബി പോര്‍ട്ട്, എ.ഡി പോര്‍ട്ട് ഗ്രൂപ്, കാപിറ്റല്‍ ട്രാവല്‍, ഇത്തിഹാദ് എയര്‍പോര്‍ട്ട് സര്‍വിസസ്, ഒയാസീസ് മിഡില്‍ ഈസ്റ്റ്, ടൂറിസം 365 എന്നിവയുടെ സംയുക്ത സംരംഭമായ മൊറാഫിക് ഏവിയേഷന്‍ സര്‍വിസസാണ് ചെക്ക് ഇൻ സേവനം പ്രാവര്‍ത്തികമാക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവൃത്തി സമയം.
യാത്രക്ക് നാല് മണിക്കൂർ മുതൽ 24 മണിക്കൂര്‍ മുമ്പുവരെ സിറ്റി ടെര്‍മിനലില്‍ ചെക്ക് ഇന്‍ ചെയ്യാം. ലഗേജ് ഇവിടെ നല്കി ബോര്‍ഡിങ് പാസുമായി വിമാനത്താവളത്തിലെത്തിയാല്‍ മതിയാവും.
മുതിര്‍ന്നവര്‍ക്ക് 45 ദിര്‍ഹം, കുട്ടികള്‍ക്ക് 25, രണ്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് 15 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. നാലംഗ കുടുംബത്തിന് 120 ദിര്‍ഹം മതി. എയര്‍പോര്‍ട്ടിലെ തിരക്ക് ഒഴിവാക്കി ആയാസരഹിതമായ യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സിറ്റി ചെക്ക് ഇന്‍ സേവനം പ്രയോജനപ്പെടും.
എ.ഡി പോര്‍ട്ട് ഗ്രൂപ് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ക്യാപ്റ്റന്‍ മുഹമ്മദ് ജുമാ അല്‍ ഷാമിസി, അബൂദബി എയര്‍പോര്‍ട്ട്സ് സി.ഇ.ഒ എന്‍ജിനീയര്‍ ജമാല്‍ സാലിം അല്‍ ദാഹിരി, ഒയാസീസ് മിഡില്‍ ഈസ്റ്റ് ചെയര്‍മാനും സി.ഇ.ഒയുമായ ടിറ്റന്‍ സി. യോഹന്നാന്, ടൂറിസം 365 സി.ഇ.ഒ. റൗള ജോണി, ഇത്തിഹാദ് എയര്‍പോര്‍ട്ട് സര്‍വിസസ് (ഗ്രൗണ്ട്) ജനറല്‍ മാനേജര്‍ ജുബ്രാന്‍ അല്‍ ബ്രെക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

