ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധന
text_fieldsദുബൈ: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധന. 1.3 ശതമാനം വർധനയാണ് 2017ൽ രേഖപ്പെടുത്തിയിരിക്കുന്നത്. വരും വർഷങ്ങളിൽ ആരോഗ്യ-വിദ്യാഭ്യാസ ടൂറിസം മേഖലയിൽ ഇന്ത്യ വൻ കുതിപ്പിനൊരുങ്ങുകയാണെന്നും അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം) മീഡിയാ സെൻററിൽ നടന്ന ഇന്ത്യാ ടൂറിസം വാർത്താ സമ്മേളനത്തിൽ അംബാസഡർ നവ്ദീപ് സിംഗ് സുരി വ്യക്തമാക്കി.
നിലവിൽ 50000 വിദേശ വിദ്യാർഥികളാണ് ഇന്ത്യയിൽ പഠനം നടത്തുന്നത്. എന്നാൽ പൊതു^സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച കൂടുതൽ വിദ്യാർഥികളെ ഇന്ത്യയിലേക്കെത്തിക്കും. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. മാനസികവും ശാരീരികവും ബൗദ്ധികവുമായ ഉല്ലാസത്തിനും ഉണർവിനും ലോകത്തിനു വേണ്ടതെല്ലാം ഇന്ത്യ ഒരുക്കി വെച്ചിട്ടുണ്ടെന്നു പറഞ്ഞ അേദ്ദഹം ആയുർവേദത്തിെൻറ സൗഖ്യം തേടാൻ കേരളത്തിലേക്ക് വരാനും മാധ്യമപ്രവർത്തകരെയും സഞ്ചാര കുതുകികളെയും ക്ഷണിച്ചു.
കശ്മീരിൽ നടന്ന അതിക്രമം ഒരു സമൂഹത്തിലും സംഭവിക്കാൻ പാടില്ലാത്തത്ര ഭീതികരമായ കൃത്യമാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അംബാസഡർ പറഞ്ഞു. ഏവരും ശക്തമായി അപലപിക്കുന്ന സംഭവമാണത്. എന്നാൽ അത്തരം സംഭവങ്ങൾക്കെതിരെ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമം നിർമിക്കുക വഴി ഇന്ത്യ പ്രശ്നത്തെ പക്വമായി നേരിട്ടിരിക്കുന്നു. വലിയ ഭൂപ്രദേശമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏതെങ്കിലുമൊരു ഭാഗത്ത് ഒറ്റപ്പെട്ട രീതിയിൽ നടക്കുന്ന പ്രശ്നങ്ങളുടെ േപരിലല്ല ഇൗ മേഖല വിലയിരുത്തപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസം മന്ത്രാലയം അസി. ഡി.ജി മാനസ് രഞ്ജൻ പട്നായിക് ഇന്ത്യൻ വിസ്മയങ്ങളെക്കുറിച്ച് വിവരിച്ചു. ഇന്ത്യ ടൂറിസം അഡീഷനൽ ഡയറക്ടർ ബ്രജ്ബിഹാരി മുഖർജിയും സംബന്ധിച്ചു.മൂന്നാറും ഡൽഹിയും മുംബൈയും രുചിഭേദങ്ങളുമെല്ലാം നിറഞ്ഞു നിന്ന ഇൻക്രഡിബിൾ ഇന്ത്യ അവതരണങ്ങളിൽ പതിവിനു വിപരീതമായി താജ്മഹൽ ഒഴിവാക്കിയിരുന്നു.
പതിവ് ചിത്രങ്ങളിൽ മാറ്റം വരുത്തി ഇന്ത്യയുടെ വിശാലതയെ വിപുലമായി അവതരിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അംബാസഡറും ടൂറിസം അധികൃതരും ഇതേക്കുറിച്ച് വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
