ഡി.ഐ.പിയിലേക്ക് യാത്ര എളുപ്പം; 1.8 കി.മീറ്റർ മേൽപാലം തുറന്നു
text_fieldsദുബൈയിൽ പുതുതായി തുറന്ന മേൽപാലം
ദുബൈ: ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കുന്ന 1.8കി.മീറ്റർ മേൽപാലം തുറന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). യു.എ.ഇയുടെ ദേശീയ റെയിൽവെ ശൃംഖലയുടെ മേൽനോട്ടം വഹിക്കുന്ന ഇത്തിഹാദ് റെയിലുമായി സഹകരിച്ചാണ് പാലം നിർമിച്ചത്. മൂന്നു ലൈനുകളുള്ള മേൽപാലം സിഗ്നൽ നിയന്ത്രിതമാണ്. അൽ യലായിസ് സ്ട്രീറ്റിൽ ഗതാഗതം എളുപ്പമാക്കുന്നതിനായാണ് പുതിയ പാലം നിർമിച്ചിട്ടുള്ളളത്. ദുബൈയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഡി.ഐ.പിയിലേക്ക് പ്രവേശനം നൽകുന്ന വലതുഭാഗത്തേക്കുള്ള സ്ലിപ്പ് റോഡും, ശൈഖ് സായിദ് റോഡിലേക്ക് എക്സിറ്റ് എടുക്കുന്നവർക്ക് വലത്തോട്ടുള്ള സ്ലിപ്പ് റോഡും പാലത്തിലുണ്ട്.
ഗതാഗതം എളുപ്പമാക്കുന്നതിനും എല്ലാ ഉപയോക്താക്കൾക്കും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് വികസനം ലക്ഷ്യമിടുന്നത്. ഭാവിയിൽ മേൽപാലം ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലേക്ക് നീട്ടും. അതോടൊപ്പം റോഡ് ശൃംഖലയുടെ കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ഓരോ ദിശയിലും രണ്ടുവരി പാത നിർമിക്കാനും പദ്ധതിയുണ്ട്. മേൽപാലം നിർമാണം പൂർത്തിയായതോടെ ഇത്തിഹാദ് റെയിൽ പാതയിൽ ട്രെയിനുകളുടെ സഞ്ചാരവും അൽ യലായിസ് സ്ട്രീറ്റിൽ വാഹനങ്ങളുടെ യാത്രയും എളുപ്പമാകും. റെയിൽ പാത റോഡ് ഗതാഗതത്തെയും തിരിച്ചും തടസ്സപ്പെടുത്താത്ത രീതിയിലാക്കുകയാണ് മേൽപാലം ലക്ഷ്യംവെച്ചത്.
ദേശീയ റെയിൽ ശൃംഖലയിൽ ട്രെയിനുകളുടെ സഞ്ചാരം എളുപ്പമാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പാലമെന്ന് ആർ.ടി.എ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭാവിയെ മുന്നിൽ കണ്ട് യു.എ.ഇ വികസിപ്പിക്കുന്ന സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് ഇത്തിഹാദ് റെയിൽ. ഏഴു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പാതയിൽ ചരക്കുകൾ കൊണ്ടുപോകുന്നത് ആരംഭിച്ചിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചും പ്രഖ്യാപനം പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

