ആവേശഭരിതം റൂസ് അല്‍ ജബല്‍
text_fieldsറൂസ് അല്‍ ജബല്‍ ദൃശ്യം
ആവേശം നിറഞ്ഞ യാത്രാനുഭവവും കണ്ണുകള്‍ക്കും മനസിനും കുളിര്‍മ സമ്മാനിക്കുന്നതുമാണ് റൂസ് അല്‍ ജബല്‍ മേഖല. അറേബ്യന്‍ ഉപദ്വീപിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് റാസല്‍ഖൈമയിലെ വിശാലമായ പര്‍വ്വതനിരയിലുള്‍പ്പെടുന്നതാണ് റൂസ് അല്‍ ജബല്‍.
യു.എ.ഇയില്‍ സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശം ഹജ്ജാര്‍ മലനിരകളില്‍ ഗുണമേന്മയുള്ള ചുണ്ണാമ്പുകല്ലുകള്‍ക്ക് പേര് കേട്ട ഇടമാണ്. മലകയറ്റത്തിലുള്ള കാഴ്ചകള്‍ സന്ദര്‍ശകരെ ആവേശത്തിന്‍റെ കൊടുമുടികളിലേറ്റും. ശാന്തവും ഒറ്റപ്പെട്ടതുമായ താഴ്വാരങ്ങളും ആഴത്തില്‍ മുറിവേറ്റതലത്തിലുള്ള മലയിടുക്കുകളും സന്ദര്‍ശകരുടെ മനസുകളില്‍ നിശ്ചലതയുടെ അനുഭൂതികള്‍ നിറക്കും.
പാതകള്‍ സുഖകരമായ ഡ്രൈവിങ് അനുഭവം നല്‍കുമ്പോള്‍ തിക്കുതിരക്കുകളില്‍ നിന്ന് മാറി പ്രകൃതിയുടെ മനോഹാരിതയുടെ നേര്‍ക്കാഴ്ച്ചകളുമാണ് നിശ്ശബ്ദതയുടെ റൂസ് അല്‍ ജബല്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കായി ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതും യാത്രയില്‍ ജാഗ്രത പുലര്‍ത്തേണ്ടതും അനിവാര്യം.