യാത്രകൾ സുരക്ഷിതമാക്കാം;എല്ലാവരും വാക്സിൻ ഉറപ്പാക്കണമെന്ന് ആരോഗ്യവിഭാഗം
text_fieldsഅബൂദബിയിലെ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയവർ ഉൗഴം കാത്തിരിക്കുന്നു
ദുബൈ: വിദേശ യാത്രയ്ക്കു മുൻപ് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തു സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് യു.എ.ഇ ആരോഗ്യവിഭാഗം. രാജ്യത്ത് താമസിക്കുന്ന 16 വയസ്സിനു മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണം.ഏവർക്കും വാക്സിൻ ലഭ്യമാക്കാൻ കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. വാക്സിൻ എടുക്കാത്തവരാണ് തീവ്രപരിചരണ വിഭാഗത്തിൽ എത്തുന്നത്. ദേശീയ കാമ്പയിെൻറ ഭാഗമായി യുഎഇയിൽ ഇതുവരെ ഒരു കോടിയിലേറെ ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞു.
സൗജന്യ കുത്തിവയ്പ് എടുക്കാൻ സ്വദേശികളും വിദേശികളും മുന്നോട്ടുവരണമെന്നും ആരോഗ്യവിഭാഗം അഭ്യർഥിച്ചു. 2020നെ അപേക്ഷിച്ച് ഈ വർഷം യാത്ര ചെയ്യുന്നവരുടെ എണ്ണം 78% വർധിച്ചെന്ന സർവേ ഫലത്തെ തുടർന്നാണ് വാക്സനെടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.രണ്ടു ഡോസുകളിലായി വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കരുതെന്നും നിർദേശമുണ്ട്. സിനോഫാം, ഫൈസർ, അസ്ട്ര സെനക, സ്പുട്നിക് 5 എന്നീ വാക്സീനുകൾ മതിയായ അളവിൽ ലഭ്യമാണ്. വ്യത്യസ്ത വാക്സിനുകൾ എടുക്കരുതെന്നും അതിനു ശാസ്ത്രീയ അടിത്തറയില്ലെന്നും ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.
യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ നിലവിലെ സ്ഥിതി, കോവിഡ് വ്യാപന തോത് എന്നിവ നേരത്തെ മനസിലാക്കി കരുതലോടെ മാത്രമേ യാത്ര ആസൂത്രണം ചെയ്യാവൂ. കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്. വ്യക്തികളെയും കുടുംബാംഗങ്ങളെയും അപകടത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നും ഡോ. ഫരീദ പറഞ്ഞു.
മതിയായ ആരോഗ്യ സംവിധാനങ്ങളില്ലാത്ത പരിശോധനകൾ നടക്കാത്ത, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യങ്ങളിലേക്കു പോകുന്നത് ഒഴിവാക്കാം.ഇൗദ് ഉൾപെടെയുള്ള ആഘോഷങ്ങളെ സ്വാഗതം ചെയ്യുമ്പോഴും നിലവിലെ ഇഫ്താറുകളിലും കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വൈറസ് വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കുക തന്നെയാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

