തട്ടിപ്പ് കേസിൽ ട്രാവൽ ഏജൻസി ഉടമക്ക് ആറുവർഷം തടവുശിക്ഷ
text_fieldsമനാമ: ട്രാവൽ ഓഫിസ് പങ്കാളിയായ പ്രതിക്ക് തട്ടിപ്പുകേസിൽ മൈനർ ക്രിമിനൽ കോടതി ആറ് വർഷം തടവും 5,000 ബഹ്റൈൻ ദീനാർ പിഴയും വിധിച്ചു. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് കൂടുതൽ നടപടികൾക്കായി സിവിൽ കോടതിയിലേക്ക് മാറ്റാനും ഉത്തരവിട്ടു.
ട്രാവൽ ഏജൻസി ഉടമകൾക്കെതിരെ നിരവധി ഇരകൾ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം. ഗ്രൂപ് യാത്രാ പാക്കേജുകൾ പരസ്യം ചെയ്ത പ്രതി, യാത്രക്കാർക്കായി ബുക്കിങ് നടത്തുന്നതിനായി പണം കൈപ്പറ്റി. എന്നാൽ യാത്ര ചെയ്യേണ്ട ദിവസം എത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ യാതൊരുവിധ ബുക്കിങ്ങും നടന്നിട്ടില്ലെന്ന് ഇരകൾ തിരിച്ചറിഞ്ഞത്. പരാതിയുമായി ഓഫിസിൽ എത്തിയപ്പോൾ അത് പൂട്ടിക്കിടക്കുന്നതായാണ് കണ്ടത്. ഉപഭോക്താക്കളിൽനിന്ന് പണം വാങ്ങുകയും യാതൊരു ബുക്കിങ്ങും ട്രാവൽ ഏജൻസി നടത്തിയില്ലെന്നും ഫണ്ട് ദുരുപയോഗം ചെയ്തതായും പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് രാജ്യംവിട്ട പ്രതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ അറസ്റ്റ് വാറന്റും നാടുകടത്തൽ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അന്വേഷണം പൂർത്തിയാക്കി തെളിവുകൾ സഹിതം പ്രോസിക്യൂഷൻ കേസ് കോടതിക്ക് കൈമാറുകയും, കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

