ദുബൈയിൽ തടിക്കപ്പൽ വഴി ചരക്ക് നീക്കം വർധിച്ചു
text_fieldsചരക്കുകളുമായി ദുബൈയിൽ എത്തിയ തടിക്കപ്പലുകൾ
ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബൈയിലേക്ക് സമുദ്ര മാർഗം തടിക്കപ്പലിൽ ചരക്കെത്തിക്കുന്നത് വർധിച്ചു. ഈ വർഷം ആദ്യ മൂന്നുമാസങ്ങളിൽ മാത്രം 3,000മരക്കപ്പലുകൾ 3.9ലക്ഷം ടൺ ചരക്കുകൾ എത്തിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഭക്ഷ്യ ഉൽപന്നങ്ങൾ അടക്കമുള്ള ചരക്കുകകളാണ് അൽ ഹംരിയ പോർട്, ദേര വാർഫേജ, ദുബൈ ക്രീക്ക് എന്നിവടങ്ങളിൽ ഇതുവഴി എത്തിച്ചിട്ടുള്ളത്. എമിറേറ്റിനെ സമുദ്രവ്യാപാര കേന്ദ്രമാക്കുന്നതിന് പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ(പി.സി.എഫ്.സി) നടപ്പിലാക്കിയ സമഗ്ര നടപടികളാണ് ഈ മേഖലയുടെ വളർച്ചക്ക് കാരണമായത്. റമദാനിൽ ആവശ്യത്തിന് ചരക്കുകൾ വിപണികളിൽ ലഭ്യമാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു.
അതോടൊപ്പം ഈദുൽ ഫിത്ർ ആഘോഷത്തിന് മുന്നോടിയായി ചരക്കുകൾ എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ദുബൈ സാമ്പത്തിക അജണ്ട-ഡി33യുടെ ലക്ഷ്യങ്ങളുടെ ഭാഗമായി എമിറേറ്റിലെ വ്യാപാര ഇടപാടുകൾ വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് വർധനവെന്ന് പി.സി.എഫ്.സി സുൽത്താൻ അഹമ്മദ് ബിൻ സുലൈം പ്രസ്താവനയിൽ പറഞ്ഞു. വർഷാവർഷങ്ങളിൽ ദുബൈയിൽ നിന്നുള്ള ഇറക്കുമതി, കയറ്റുമതിയിൽ റെക്കോർഡ് മറികടക്കുന്ന വളർച്ചയാണുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ക്രീക്ക്, ദേര വാർഫേജ്, അൽ ഹംരിയ തുറമുഖം എന്നിവിടങ്ങളിലേക്ക് തടിക്കപ്പലുകൾക്ക് പ്രവേശനവും പുറത്തുപോക്കും എളുപ്പമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചിരുന്നു. ഈ വർഷം തുടക്കം മുതൽ പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടെ 140,000 മെട്രിക് ടൺ ഭക്ഷ്യവിഭവങ്ങൾ ഇവിടങ്ങളിൽ എത്തിയിട്ടുണ്ട്. ഈ കാലയളവിൽ ഏകദേശം 220,000 കന്നുകാലികളും ആടുകളും അൽ ഹംരിയ തുറമുഖം വഴി എത്തിയിട്ടുമുണ്ട്.
എമിറേറ്റിലെ പരമ്പരാഗത വ്യാപാര മാർഗമായ തടിക്കപ്പലുകളുടെ ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതിന് ‘നൗ’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ നടപ്പിലാക്കിയിരുന്നു. ഇതും വ്യാപാരം എളുപ്പമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

