യു.എ.ഇയിലെ ഗതാഗത രംഗം അതിവേഗം ഇ.വിയിലേക്ക്
text_fieldsദുബൈ: 2050ഓടെ രാജ്യത്തെ ഗതാഗത സംവിധാനങ്ങളിൽ 50 ശതമാനം വൈദ്യുതി വാഹനങ്ങളിലേക്ക് മാറ്റാനുള്ള നയങ്ങൾക്ക് രൂപം നൽകി യു.എ.ഇ ഊർജ-അടിസ്ഥാന വികസന മന്ത്രാലയം. അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ദേശീയ വൈദ്യുതി വാഹന നയം സംബന്ധിച്ച് വിശദീകരിക്കവേ വകുപ്പ് മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാഹന ഗതാഗത രംഗത്ത് 2050ഓടെ പരമ്പരാഗത ഊർജ ഉപഭോഗം 40 ശതമാനം കുറച്ച് കാർബൺ ബഹിർഗമനം 10 ദശലക്ഷം ടൺ കുറക്കുകയാണ് ലക്ഷ്യം.
ഇതിനായി ഹരിത ഗതാഗത രംഗത്തെ പ്രോത്സാഹിപ്പിക്കുകയും ഇലക്ട്രിക് വാഹന വിപണിയിൽ കാര്യമായി ഇടപെടൽ നടത്തുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ അടങ്ങിയ ചട്ടക്കൂടിനും വകുപ്പ് രൂപംനൽകും. പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ റീസൈക്ലിങ് നടത്തുന്നതിനുള്ള നിയമപരവും സാങ്കേതികവുമായ നിയമ ചട്ടക്കൂടിനും രൂപം നൽകും. അതോടൊപ്പം ഹൈബ്രിഡ് വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വിൽപന പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ത്വരിതപ്പെടുത്തും.
പുതിയ നയം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ സഹായകമാവും. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ നിക്ഷേപിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഫെഡറൽ, പ്രാദേശിക, സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാനും ദേശീയ ഇലക്ട്രിക് വെഹിക്കിൾ നയം ലക്ഷ്യമിടുന്നു.
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും രാജ്യത്തുടനീളം ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കമ്പനികളുടെ സംയോജനം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളെ നയിക്കുന്നതിനുള്ള ഒരു നിയന്ത്രണ ചട്ടക്കൂടായി പുതിയ നയം പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിലെ ഊർജ ഉപയോഗം കുറക്കാൻ ലക്ഷ്യമിടുന്ന നാഷനൽ എനർജി ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിനെ പുതിയ നയം പിന്തുണക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

