അബൂദബിയിൽ പൊതുബസുകൾക്ക് പുതിയ നിയമം; പിഴകളും പുതുക്കി
text_fieldsഅബൂദബി: പൊതു ബസുകളിൽ യാത്ര െചയ്യുന്നവർക്കായി അബൂദബിയിൽ പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ച് 10 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, 55 വയസിന് മുകളിലുള്ളവർ, നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവർ എന്നിവർക്ക് യാത്രാക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. 12 വയസിൽ താഴെ പ്രായമുള്ളവർക്ക് മുതിർന്നവരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാവില്ല. ട്രാൻസ്പോർട്ട് വകുപ്പ് തലവൻ ശൈഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായദ് ആൽ നഹ്യാൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രക്കാർ ബസിനുള്ളിൽ തിന്നുകയോ കുടിക്കുകയോ തുപ്പുകയോ ചൂയിംഗം ചവക്കുകയോ പുക വലിക്കുകയോ ചെയ്തുകൂട. സഹയാത്രികരെ ശല്ല്യപ്പെടുത്തുന്നതും മോശം ഭാഷ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
കൂർത്ത ആയുധങ്ങൾ, തീപിടിക്കുന്ന സാധനങ്ങൾ, മദ്യം, സൈക്കിൾ എന്നിവ കൊണ്ടുപോകുന്നത് നിരോധിച്ചു. ഡ്രൈവരുടെ ശ്രദ്ധ തിരിക്കുന്നതും കുറ്റകരമാണ്. ആവശ്യമുള്ളപ്പോൾ മാത്രമെ സ്റ്റോപ് ബട്ടൺ അമർത്താവൂ. അന്ധരോടൊപ്പമുള്ള നായ്ക്കൾ അല്ലാതെ മറ്റ് വളർത്തുമൃഗങ്ങളെയുംഅനുവദിക്കില്ല. ബാഗേജുകൾ മറ്റ് യാത്രികർക്ക് തടസമുണ്ടാകാത്ത വിധത്തിൽ മാത്രമെ വെക്കാവൂ. ആവശ്യത്തിന് പണമുള്ള കാർഡ് ഉപയോഗിച്ച് മാത്രമെ യാത്ര ചെയ്യാനാവൂ. നിയമം ലംഘിക്കുന്നവർക്ക് 200 മുതൽ 2000 ദിർഹം വരെ പിഴയും പുതിയ നിയമങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
