റാസൽഖൈമയിൽ സ്വയംനിയന്ത്രിത വാഹനങ്ങളുടെ ചുമതല ട്രാൻസ്പോർട്ട് അതോറിറ്റിക്ക്
text_fieldsറാസൽഖൈമ: എമിറേറ്റിൽ സ്വയംനിയന്ത്രിത വാഹനങ്ങളുടെ (ഓട്ടോണമസ് വെഹിക്ക്ൾസ്) പ്രവർത്തനം സംബന്ധിച്ച് പുതിയ നിയമം നിലവിൽവന്നു. തിങ്കളാഴ്ച പുറത്തിറക്കിയ നിയമപ്രകാരം, റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിക്കായിരിക്കും (റാക് ടി.എ) എമിറേറ്റിലെ എല്ലാ സ്വയംനിയന്ത്രിത വാഹനങ്ങളുടെയും നിയന്ത്രണവും മേൽനോട്ടവും. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നിയമം രൂപപ്പെടുത്തിയിരിക്കുന്നത്.
സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയാണ് നിയമം പുറപ്പെടുവിച്ചത്. എമിറേറ്റിലെ സ്വയംനിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുക, സുരക്ഷിതമായ വിന്യാസത്തിനുള്ള നിയമപരവും സാങ്കേതികവുമായ ചട്ടക്കൂട് സ്ഥാപിക്കുക, ഡാറ്റാ ഗവേണൻസും സൈബർ സുരക്ഷയും ഉറപ്പാക്കുക, ഓപ്പറേറ്റർമാരുടെയും ഉപയോക്താക്കളുടെയും ഉത്തരവാദിത്തങ്ങൾ നിർവചിക്കുക എന്നീ ഉത്തരവാദിത്തങ്ങൾ അതോറിറ്റിക്കാണ്.
സ്വയംനിയന്ത്രിത സംവിധാനങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാഹനങ്ങൾ സുരക്ഷിത മോഡിലേക്കു മാറണം, സുരക്ഷിത നിയന്ത്രണ കേന്ദ്രങ്ങളുമായി ബന്ധം പുലർത്തണം, പ്രവർത്തനങ്ങളും അപകടങ്ങളും സുതാര്യമായി രേഖപ്പെടുത്തണം എന്നിവയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുക, മനുഷ്യ പിഴവുകൾ കുറക്കുക, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള എല്ലാവർക്കും സേവന ലഭ്യത ഉറപ്പാക്കുക എന്നതും നിയമത്തിന്റെ ലക്ഷ്യമാണ്.
നിയമം പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. സ്വയംനിയന്ത്രിത ഗതാഗതത്തിന്റെ ഭാവിയിലേക്ക് സുരക്ഷിതമായ മാറ്റം ഉറപ്പാക്കുന്നതാണ് ഇതിലൂടെ റാസൽഖൈമ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

