യാത്ര എളുപ്പമാക്കാൻ അബൂദബിയിൽ ട്രാം വരുന്നു
text_fieldsഅബൂദബി: നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര എളുപ്പമാക്കുന്നതിന് പുതിയ ട്രാം നിർമിക്കുന്നു. യാസ് ദ്വീപ് മുതൽ വിമാനത്താവളം വരെ നീളുന്ന സംവിധാനം വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും. അബൂദബിയിൽ നടക്കുന്ന ‘ആഗോള റെയിൽ ഗതാഗത അടിസ്ഥാന സൗകര്യപ്രദർശന, സമ്മേളന’ത്തിലാണ് പദ്ധതി അബൂദബി ട്രാൻസ്പോർട് കമ്പനി(എ.ടി.ഡി) വെളിപ്പെടുത്തിയത്.
അബൂദബി ലൈറ്റ് റെയിൽ പദ്ധതി(എൽ.ആർ.ടി)ക്ക് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അംഗീകാരം ലഭിച്ചതായും ഇത് മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും എ.ഡി.ടി അറിയിച്ചു. നിർമാണം പൂർത്തിയാകുന്നത് സംബന്ധിച്ച ഔദ്യോഗിക സമയപരിധി വ്യക്തമാക്കിയിട്ടില്ല. അതേസമയം ആദ്യഘട്ടം യാസ് ഗേറ്റ്‌വേ പാർക്കിൽ നിന്ന് ആരംഭിച്ച് യാസ് ദ്വീപിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഫെരാരി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ എന്നിവയെ ബന്ധിപ്പിച്ച് സായിദ് ഇന്റർനാഷണൽ എയർപോർട്ട്, ഇത്തിഹാദ് പ്ലാസ, അൽ റഹ മാൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നതായിരികുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രാം പാതയുടെ വിശദാംശങ്ങൾ കാണിക്കുന്ന ഒരു ഭൂപടം ആഗോള റെയിൽ സമ്മേളനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ താമസ മേഖലകളും വിമാനത്താവളവും ഉൾകൊള്ളുന്ന ശൃഖലയാണ് പാതയിലുള്ളത്.
ഒരോ അഞ്ചുമിനിറ്റിലും സർവീസുകൾ ട്രാം പാതയിലുണ്ടാകും. 600യാത്രക്കാരെ വരെ ഉൾകൊള്ളാവുന്ന ട്രാമുകൾ വലിയ ഈവന്‍റുകളുടെ സമയങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ വലിയ അളവിൽ സഹായകരമാകും. പരസ്പര ബന്ധിതമായ ഗതാഗത സംവിധാനത്തിന്‍റെ ഭാഗമായിരിക്കും പാത നിർമ്മിക്കപ്പെടുക.
ഈ വർഷം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന അർബൻലൂപ് പദ്ധതിയുമായും ട്രാമുകൾ ബന്ധിപ്പിക്കപ്പെടും. ഇത്തിഹാദ് അരീനയിലെ വലിയ പരിപാടികളുടെ സന്ദർഭത്തിലും മറ്റും ട്രാം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും. നൂതനമായ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ടിക്കറ്റിങ് സംവിധാനവും മറ്റും ട്രാമിൽ ഉപയോഗപ്പെടുത്തും. ഗതാഗതം മൂലമുണ്ടാകുന്ന കാർബൺ പുറന്തള്ളലും കുറക്കാൻ സംവിധാനം സഹായിക്കും. തടസ്സമില്ലാതെ വീട്ടിൽ നിന്ന് സ്കൂളിലേക്കും ജോലി സ്ഥലത്തേക്കും സാംസ്കാരിക കേന്ദ്രങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് എ.ഡി.ടി സി.ഇ.ഒ സഈദ് സാലിം അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

