ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരിശീലനം
text_fieldsഅബൂദബി: അൽ കരാമ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പുതിയ ഹോസ്പിറ്റാലിറ്റി പരിശീലന പരിപാടിക്കു തുടക്കം കുറിച്ചു. ഓട്ടിസം ബാധിച്ച ഇമാറാത്തി വിദ്യാർഥികൾക്കായി യു.എ.ഇയിൽ നടപ്പാക്കുന്ന ആദ്യ പ്രഫഷനൽ പരിശീലന കേന്ദ്രമാണ് ഇത്. അബൂദബിയിലെ ഇൽ കഫേ ഡി റോമ ശൃംഖലയുമായി സഹകരിച്ചാണ് അഡക് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾക്ക് ജോലി ചെയ്യാനും അവസരമൊരുക്കും.
രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഉപയോക്താക്കളെ സ്വീകരിക്കുന്ന ജോലിയാവും ഇവർക്കു നൽകുക. കുട്ടികളുടെ സാമൂഹിക ഇടപെടൽ ശേഷിയടക്കമുള്ളവ വികസിപ്പിച്ച് ഓർഡറുകൾ തയാറാക്കുന്നത് അടക്കമുള്ള ജോലികളും വിദഗ്ധ പരിശീലനശേഷം ഇവർക്കു നൽകും. ഉദ്ഘാടന ചടങ്ങിൽ അഡക് അണ്ടർ സെക്രട്ടറി അമിർ അൽ ഹമ്മാദി അടക്കമുള്ളവർ സംബന്ധിച്ചു. പരിശീലനം സിദ്ധിച്ച ഭിന്നശേഷി കുട്ടികളാണ് പരിപാടിയിൽ വിഭവങ്ങൾ വിതരണം ചെയ്തത്. ഭിന്നശേഷി കുട്ടികളെ ജീവിക്കാൻ പര്യാപ്തരാക്കുകയെന്ന അൽകരാമ പരിശീലന കേന്ദ്രത്തിന്‍റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് അമീർ അൽ ഹമ്മാദി പറഞ്ഞു. അൽകരാമ സ്കൂളിൽനിന്നു പഠനം പൂർത്തിയാക്കിയ ഭിന്നശേഷി കുട്ടികൾക്കായാണ് 2021 ഏപ്രിലിൽ കേന്ദ്രം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

