മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലനം
text_fieldsദുബൈ: രാജ്യത്തെ മെഡിക്കൽ, നഴ്സിങ് വിദ്യാർഥികളുടെ ക്ലിനിക്കൽ പരിശീലനവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. അക്കാദമിക് വിദ്യാഭ്യാസത്തെ തൊഴിൽ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതും വിദഗ്ധരും തൊഴിൽ ആവശ്യമുള്ളവരുമായ ആരോഗ്യ പ്രവർത്തകരെ ബിരുദം നേടാൻ സഹായിക്കുന്നതുമായ ഒരു ഏകീകൃത ദേശീയ ചട്ടക്കൂടാണ് പുതിയ മാർഗനിർദേശങ്ങളിലൂടെ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്.
യു.എ.ഇയിലെ ആശുപത്രികളും വിവിധ യൂനിവേഴ്സിറ്റികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം ആശുപത്രികളിലെ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയും ചെയ്യുന്ന സുസ്ഥിരവും ഉയർന്ന നിലവാരമുള്ളതുമായ പ്രായോഗിക പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് മാർഗനിർദേശങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതുവഴി വിദഗ്ധരായ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതോടൊപ്പം രോഗികൾക്ക് വിദഗ്ധ പരിചരണം ലഭിക്കാനും സഹായകമാവും.
ആരോഗ്യ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും അക്കാദമികവും പ്രായോഗികവുമായ പരിശീലനം സംയോജിപ്പിക്കുന്നതിനും ആരോഗ്യ മേഖലക്കായി യോഗ്യതയുള്ള ദേശീയ പ്രഫഷനലുകളെ സജ്ജമാക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതാണ് പുതിയ നീക്കമെന്ന് ഹയർ എജുക്കേഷൻ ആൻഡ് സയന്റിഫിക് റിസർച്ച് റെഗുലേഷൻ ആൻഡ് ഗവേണൻസ് സെക്ടർ ആക്ടിങ് അസി. അണ്ടർ സെക്രട്ടറി ഇബ്രാഹിം ഫിക്രി പറഞ്ഞു.
ക്ലിനിക്കൽ പരിശീലനത്തിന് ഏകീകൃതമായ മാർഗനിർദേശങ്ങൾ ഒരുക്കുന്നതിനും ഭാവിയിലെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനായി സംയോജിത വിദ്യാഭ്യസവും ആരോഗ്യ സുരക്ഷ സംവിധാനവും വികസിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

