റാക് മലനിരയില്‍നിന്ന് വീണ് സ്വദേശി യുവാവിന് ദാരുണാന്ത്യം
text_fieldsറാസല്‍ഖൈമ: റാക് പർവതനിരയില്‍ വിനോദത്തിനു പോയ സ്വദേശി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. മലനിരയില്‍ സാധാരണയായി പിക്നിക് പോകുന്നയാളായിരുന്നു യുവാവെന്ന് അല്‍റംസ്-അല്‍ ശമല്‍ പൊലീസ് സ്റ്റേഷന് മേധാവി ലെഫ്. കേണല്‍ അഹമ്മദ് അല്‍ മസ്യൂദ് പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞും യുവാവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ അധികൃതരെ സമീപിക്കുകയായിരുന്നു.
റംസ് കോംപ്രഹന്‍സിവ് പൊലീസ് സ്റ്റേഷന്റെയും റെസ്ക്യൂ വകുപ്പിന്റെയും ദേശീയ ആംബുലന്‍സ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ മലനിരയില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേല്‍ നടപടികള്‍ സ്വീകരിച്ച അധികൃതര്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

