ഇഫ്താറിന് വീട്ടിലെത്താന്‍ മരണപ്പാച്ചില്‍ വേണ്ട, നിയമം ലംഘിക്കരുതെന്ന് പൊലീസ്
text_fieldsഅബൂദബി: റമദാനില്‍ വാഹനങ്ങളുടെ അമിത വേഗത്തിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ജോലിസ്ഥലത്തുനിന്നോ മറ്റോ അവസാന നിമിഷം ഇറങ്ങി ഇഫ്താറിനു വീട്ടിലെത്താനുള്ള തത്രപ്പാടില്‍ വേഗം കൂട്ടി അപകടം ക്ഷണിച്ചു വരുത്തരുതെന്നാണ് പൊലീസിന്റെ ഓര്‍മപ്പെടുത്തല്‍. ഇഫ്താര്‍ സമയത്തിനുമുമ്പ് വീട്ടിലെത്താന്‍ വാഹനമോടിക്കുമ്പോള്‍ അമിതവേഗം ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അബൂദബി പൊലീസ് ഓര്‍മിപ്പിച്ചു.
റോഡ് ഉപയോക്താക്കള്‍ നിർദിഷ്ട വേഗത പരിധികള്‍ പാലിക്കാനും കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും ചുവന്ന ലൈറ്റുകള്‍ മറികടക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു. യാത്രാലക്ഷ്യത്തിലേക്ക് നേരത്തേ പുറപ്പെടുക, വേഗനിയന്ത്രണം പാലിക്കുക, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പൊലീസ് നല്കി. തറാവീഹ് സമയത്ത് തിരക്കുകളുണ്ടാവുന്ന ഇടങ്ങളിലെല്ലാം പൊലീസ് പട്രോളിങ്ങുണ്ടാവും. നോമ്പുതുറക്കുന്നതിനായി വീടുകളിലെത്തുന്നതിന് അമിതവേഗത്തില്‍ വാഹനമോടിക്കുന്നതിനാല്‍ ഈ സമയത്താണ് ഏറെ അപകടങ്ങളും റമദാനില്‍ നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. റമദാനോടനുബന്ധിച്ച് ട്രക്കുകള്‍ക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകള്‍ക്കും അബൂദബിയില്‍ പുതിയ സമയക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാതങ്ങളിലും തിരക്കേറിയ വൈകുന്നേരങ്ങളിലും വലിയ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് അറിയിച്ചു.
രാവിലെ എട്ടുമുതല്‍ 10 വരെ അബൂദബി, അല്‍ ഐന്‍ റൂട്ടുകളില്‍ ട്രക്കുകള്‍ ഓടിക്കാന്‍ അനുവാദമില്ല. അമ്പതോ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് അബൂദബി, അല്‍ ഐന്‍ സിറ്റി റോഡുകളില്‍ ട്രക്കുകള്‍ നിരോധിച്ചിരിക്കുന്നത്.
റോഡ് സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മുഴുസമയവും റോഡുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗതാഗതനിയമലംഘകരെ ഉടൻ പിടികൂടുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്കി. റമദാന് മാസത്തിലെ പെയ്ഡ് പാര്‍ക്കിങ്, ടോള്‍ ഗേറ്റ്, പൊതു ഗതാഗത സമയക്രമീകരണവും അബൂദബി സംയോജിത ഗതാഗത കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ അര്‍ധരാത്രി വരെയാണ് പാര്‍ക്കിങ് ഫീസ്. ഞായറാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമാണ്. ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം രാവിലെ എട്ടുമുതല്‍ 10 വരെയും വൈകീട്ട് രണ്ടു മുതല്‍ നാലുവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെയാണ് ടോള്‍ ബാധകം. ഞായറാഴ്ച സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

