യു.എ.ഇ റോഡുകളിൽ വാഹനങ്ങളുടെ അതിപ്രവാഹം
text_fieldsദുബൈ: യു.എ.ഇയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കുതിക്കുന്നു. ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്ററായ സാലികിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 40.56 ലക്ഷം കവിഞ്ഞു. 2024ൽ ഇത് 40.17 ലക്ഷമായിരുന്നു. 12 മാസത്തിനിടെ നിരത്തുകളിലെത്തിയത് 3.90 ലക്ഷം വാഹനങ്ങളാണ്.
അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ 9.35 ശതമാനമാണ് വർധന. അതേസമയം, കഴിഞ്ഞ വർഷം രണ്ടാംപാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാംപാദത്തിൽ വാഹന രജിസ്ട്രേഷനിൽ രണ്ട് ശതമാനത്തിന്‍റെ വർധനവും രേഖപ്പെടുത്തി. ഈ സമയങ്ങളിൽ ദുബൈയിലെ ജനസംഖ്യയിലും വർധനവുണ്ടായിട്ടുണ്ട്. ദുബൈ സ്റ്റാറ്റിസ്റ്റിക് സെന്‍ററിന്‍റെ കണക്കനുസരിച്ച് 2024 ജൂണിനും 2025 ജൂണിനും ഇടയിൽ എമിറേറ്റിലെ ജനസംഖ്യയിൽ 2.8 ലക്ഷത്തിന്‍റെ വർധവാണുണ്ടായത്.
ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ കണക്കുകൾ അനുസരിച്ച് ദുബൈയിൽ മാത്രം പകൽ സമയങ്ങളിൽ റോഡുകളിലെത്തുന്നത് 35 ലക്ഷം വാഹനങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ രജിസ്ട്രേഷനിൽ 10 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇത് ആഗോള ശരാശരിയേക്കാൾ 2-4 ശതമാനം കൂടുതലാണ്.
കടുത്ത വേനൽകാലത്ത് നിരവധി താമസക്കാർ വിദേശങ്ങളിലേക്ക് പോയ സമയങ്ങളിൽ ഗതാഗത തിരക്ക് അൽപം കുറയുമെങ്കിലും വളരെ വേഗത്തിൽ ഉയരുന്നതായി കാണാം. പ്രത്യേകിച്ച് രാവിലത്തേയും വൈകുന്നേരങ്ങളിലേയും തിരക്കേറിയ സമയങ്ങളിൽ. ആഗസ്റ്റ് 25ന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അവധി അവസാനിപ്പിച്ച് കൂടുതൽ താമസക്കാർ കൂടി തിരികെയെത്തുന്നതോടെ നിരത്തുകളിൽ കൂടുതൽ വാഹനങ്ങളെത്തുമെന്നാണ് പ്രതീക്ഷ.
മറ്റ് എമിറേറ്റുകളിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ വാഹനങ്ങളുടെ എണ്ണം പിന്നേയും വർധിക്കും. ഗതാഗത കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ തിരിച്ചറിയും അതിന് അനുസരിച്ച് വാഹനങ്ങളുടെ ഒഴുക്ക് 30 ശതമാനം വരെ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും തയാറാക്കിവരുന്നുണ്ട്.
തിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് ടോൾ നിരക്കുകളും അതോറിറ്റി ഉയർത്തുകയും കഴിഞ്ഞ മൂന്നു വർഷത്തിനിടെ 100 കോടി ദിർഹമിലധികം ചെലവിട്ട് 30 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

