ട്രാഫിക് പിഴയിൽ ഇളവ്; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ആർ.ടി.എ
text_fieldsദുബൈ: ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കാമെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ (ആര്‍.ടി.എ) മറ്റു സേവനങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ.
യു.എ.ഇയിലെ പിഴത്തുകകള്‍ ഓണ്‍ലൈനായി ഇന്ന് അടച്ചാല്‍ പകുതി മാത്രം മതിയെന്ന മോഹനവാഗ്ദാനം നല്‍കിയാണ് ഇ-മെയിലുകള്‍ മുഖേനയും സമൂഹ മാധ്യമങ്ങള്‍ മുഖേനയും തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഈ പരസ്യങ്ങളില്‍ നല്‍കിയിരിക്കുന്ന പേജ് തങ്ങളുടേതല്ലെന്നും ആര്‍.ടി.എ വ്യക്തമാക്കി. ആര്‍.ടി.എയുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധയില്‍പെട്ട പലരും ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് ആര്‍.ടി.എ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പ് കൈമാറിയത്. ആര്‍.ടി.എയുടെ ഔദ്യോഗിക ചാനലുകളിലൂടെയല്ലാതെ ലഭിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്നും അനധികൃത ഉറവിടങ്ങളിലേക്ക് പണം അയക്കരുതെന്നും അധികൃതർ നിര്‍ദേശിച്ചു. ആര്‍.ടി.എയുടെ വെബ്‌സൈറ്റ്, ടിക്കറ്റ് ഓഫിസുകള്‍, വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉപയോഗിച്ചു മാത്രമേ പിഴകള്‍ കെട്ടാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യു.എ.ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലും ആഭ്യന്തരമന്ത്രാലയവും പൊതുജനങ്ങള്‍ക്ക് ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ ട്രാഫിക് പിഴകള്‍, യാത്രാ ടിക്കറ്റുകള്‍, വ്യാപാര പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ തട്ടിപ്പുകളില്‍നിന്ന് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

