ട്രാഫിക് ഫൈൻ കുടിശ്ശിക: 497 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്
text_fieldsദുബൈ: ദുബൈയിൽ ട്രാഫിക് പിഴ കുടിശ്ശികയുള്ള വാഹനങ്ങൾക്കെതിരെ ദുബൈ പൊലീസ് നടപടി ശക്തമാക്കി. 2026ന്‍റെ ആദ്യ ആറുമാസത്തിൽ നടത്തിയ പരിശോധനകളിൽ പിഴ അടക്കാത്ത 497 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പിഴ കുടിശ്ശിക ഉടൻ അടച്ചുതീർക്കണമെന്നും നിയമനടപടികളും വാഹനം കണ്ടുകെട്ടുന്നതും ഒഴിവാക്കാൻ രജിസ്ട്രേഷൻ കൃത്യസമയത്ത് പുതുക്കണമെന്നും ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.
പിടിച്ചെടുത്ത പല വാഹനങ്ങൾക്കും പതിനായിരക്കണക്കിന് ദിർഹമിന്‍റെ പിഴ കുടിശ്ശികയുണ്ട്. വർഷങ്ങളായി രജിസ്ട്രേഷൻ പുതുക്കാത്തവയാണ് ഇവയെന്നും അധികൃതർ വ്യക്തമാക്കി. സാങ്കേതിക പരിശോധന നടത്താതെയും രജിസ്ട്രേഷൻ പുതുക്കാതെയും നിരത്തിലിറങ്ങുന്ന വാഹനങ്ങൾ ഡ്രൈവർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വഴികളിലും പാർക്കിങ് ഏരിയകളിലും പൊതുസ്ഥലങ്ങളിലും കിടക്കുന്ന നിയമലംഘനം നടത്തിയ വാഹനങ്ങളെ കണ്ടെത്താൻ സ്മാർട്ട് സാങ്കേതികവിദ്യയും ആധുനിക കാമറ സംവിധാനങ്ങളുമാണ് പൊലീസ് ഉപയോഗിക്കുന്നത്. നിയമനടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഫോൺ കോളുകൾ, എസ്.എം.എസ്, ഇമെയിൽ എന്നിവ വഴി വാഹന ഉടമകളെ വിവരമറിയിക്കാറുണ്ട്. ശരിയായ സന്ദേശങ്ങൾ ലഭിക്കുന്നതിനായി ആർ.ടി.എയിൽ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഉടമകൾ ശ്രദ്ധിക്കണം.
പിഴ തുകകൾ എളുപ്പത്തിൽ അടച്ചുതീർക്കുന്നതിനായി ദുബൈ പൊലീസ് നിരവധി വഴികൾ ഒരുക്കിയിട്ടുണ്ട്. ദുബൈ പൊലീസ് സ്മാർട്ട് ആപ്പ്, വെബ്സൈറ്റ്, സ്വയംസേവന കിയോസ്കുകൾ, സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ എന്നിവ വഴി 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്. സാമ്പത്തിക ഭാരം കുറക്കുന്നതിനായി ‘തബ്ബി’ സേവനം വഴിയും, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ വഴിയും പലിശരഹിത തവണകളായി പിഴ അടക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
നിയമനടപടികളും അധിക സാമ്പത്തിക ഭാരവും ഒഴിവാക്കാൻ ഡ്രൈവർമാർ കൃത്യസമയത്ത് പരിശോധനകൾ നടത്തണമെന്നും ട്രാഫിക് നിയമങ്ങൾ ജീവിതശൈലിയാക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കി സുരക്ഷിതമായി വാഹനം ഓടിക്കുന്നതാണ് അപകടങ്ങൾ തടയാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള ഏറ്റവും നല്ല മാർഗമെന്ന് ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

