‘ട്രാക്കില്ലാ ട്രാം’ മെട്രോയുമായി ബന്ധിപ്പിക്കും
text_fieldsട്രാക്കില്ലാ ട്രാമിന്റെ രൂപരേഖ
ദുബൈ: നഗരത്തിൽ നടപ്പിലാക്കാൻ ആസൂത്രണം ചെയ്യുന്ന ട്രാക്കില്ലാ ട്രാം സംവിധാനം ദുബൈ മെട്രോയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ. ജൈടെക്സിൽ പ്രദർശിപ്പിച്ച നവീന ഗതാഗത സംവിധാനം സംബന്ധിച്ച വിശദവിവരങ്ങൾ മാധ്യമങ്ങളോടാണ് അധികൃതർ വെളിപ്പെടുത്തിയത്.
പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച സമഗ്ര പഠനം അടുത്ത വർഷം തുടക്കത്തിലോ മധ്യത്തോടെയോ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ജനസംഖ്യ വളർന്നുവരുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സംവിധാനം ഉപകാരപ്പെടും. 2030ഓടെ നഗരത്തിലെ ഗതാഗത സംവിധാനം 25 ശതമാനവും സ്മാർട്ട്, ഡ്രൈവറില്ലാ രീതികളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
നിലവിലെ ദുബൈ ട്രാം സംവിധാനം ട്രാക്കിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പുതുതായി ആസൂത്രണം ചെയ്യുന സംവിധാനത്തിന് ട്രാക്ക് ആവശ്യമില്ല. ഒപ്റ്റിക്കൽ സെൻസറുകൾ, ജി.പി.എസ്, ലിഡാർ സെൻസിങ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിന് ഹൈവേകളിലും പ്രധാന റോഡുകളിലും കടന്നുപോകാൻ ‘വെർച്വൽ’ ട്രാക്ക് നിശ്ചയിക്കും. റോഡുകളിൽ കാറുകൾക്കും ബസുകൾക്കും മറ്റു വാഹനങ്ങൾക്കുമൊപ്പമാണ് ട്രാക്കില്ലാ ട്രാമുകൾ സഞ്ചരിക്കുക. അതേസമയം സുരക്ഷ ഉറപ്പാക്കാനായി ഇവക്ക് പ്രത്യേകമായ ലൈനുകൾ നിശ്ചയിക്കും. ദുബൈയിലെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള ബസുകൾക്കായുള്ള പ്രത്യേക ലൈനുകൾക്ക് സമാനമായിരിക്കുമിത്.
ബസുകൾപോലെ നിശ്ചിത റൂട്ടിലൂടെയാണ് ട്രാം കടന്നുപോവുക. സ്റ്റേഷനുകളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. ബസുകളേക്കാൾ മൂന്നിരട്ടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. ആകെ 300 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനത്തിന് ഒരൊറ്റ ചാർജിൽ 100 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകും.
സാധാരണ ട്രാമിനേക്കാൾ വേഗതയിലാണിത് സഞ്ചരിക്കുകയെന്നും അധികൃതർ വെളിപ്പെടുത്തി. ജൈടെക്സിൽ ആർ.ടി.എ ഇത്തവണ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള 11 നവീന പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്.
ട്രാക്കില്ലാ ട്രാം സംവിധാനത്തിന് പുറമെ, ദുബൈ മൊബിലിറ്റി ലാബ്, സ്മാർട്ട് കണക്ടഡ് വാഹന ശൃംഖല, ഓട്ടോചെക്ക് 360, സുരക്ഷിത നഗരത്തിനുള്ള സ്മാർട്ട് മൊബിലിറ്റി സംവിധാനം, സ്മാർട്ട് ട്രാഫിക് സൊലൂഷൻ പ്ലാറ്റ്ഫോം, പറക്കും ടാക്സി, ഇൻററാക്ടിവ് കിയോസ്കുകൾ, സ്മാർട്ട് ഡിജിറ്റൽ ചാനലുകൾ, എ.ഐ ഫാക്ടറി എന്നിവ പദ്ധതികളിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

